കൊച്ചി: ടാൽറോപ്പ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ചർച്ച. ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എൽ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുത്തു.
ജീവനക്കാരുടെ ശമ്പള കുടിശ്ശികയും സെറ്റിൽമെന്റും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ച ചെയ്തത്. 608ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതുവരെ കുടിശ്ശിക ശമ്പളം നൽകിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചർച്ചയിൽ സിഇഒ ജോൺ ജോസഫ് അറിയിച്ചു. കുടിശ്ശിക ശമ്പളം ഉടൻ നൽകാൻ കഴിയില്ലെന്നും അതിന് ഒക്ടോബർ വരെ സമയം വേണമെന്നും കമ്പനി ആവശ്യപ്പെട്ടു.
അടുത്ത ചർച്ചയിൽ കമ്പനി ചെയർമാൻ സഫീർ നേരിട്ട് പങ്കെടുക്കണമെന്ന് തൊഴിൽ വകുപ്പ് നിർദേശിച്ചു. ഈ മാസം 25ന് മുമ്പ് വീണ്ടും യോഗം ചേരും. ജോലി തിരികെ വേണമെന്ന ആവശ്യം ജീവനക്കാർ ഉന്നയിച്ചില്ല. കുടിശ്ശിക ശമ്പളം എത്രയും വേഗം ലഭിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. 21 സ്റ്റാർട്ടപ്പുകളിലേക്ക് ജീവനക്കാരെ മാറ്റിയ നടപടി നിയമവിരുദ്ധമാണെന്നും തൊഴിൽ വകുപ്പ് വിലയിരുത്തി. നാളെ മുതൽ കമ്പനിയിലെ വിവരങ്ങൾ തൊഴിൽ വകുപ്പ് പരിശോധിക്കും.
25ന് നടക്കുന്ന ചർച്ചയിലും പരിഹാരമുണ്ടായില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് തൊഴിൽ വകുപ്പ് മുന്നറിയിപ്പ് നൽകി. ശമ്പള കുടിശ്ശിക നൽകാൻ ഒക്ടോബർ വരെ സമയം ആവശ്യപ്പെട്ടത് അംഗീകരിക്കാനാകില്ലെന്നും, ആവശ്യമെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.




