തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപനത്തിന് തുടക്കത്തിൽ ‘വന്ദേമാതരം’ പൂർണമായി ആലപിക്കാതെ ഭാഗികമായി മാത്രം അവതരിപ്പിച്ചതിനെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. വിഷയത്തിൽ പ്രതികരിച്ച മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ഇത് പ്രതിപക്ഷത്തിന്റെ വിജയം ആണെന്ന് പറഞ്ഞു.
വന്ദേമാതരം മുഴുവൻ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷം എതിർത്തതിന്റെ ഫലമാണ് ഇപ്പോഴത്തെ നിലപാടെന്നും, മതനിരപേക്ഷ നിലപാട് സർക്കാർ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ ബിജെപി രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും റിയാസ് ആരോപിച്ചു.
അതേസമയം, വന്ദേമാതരം ഭാഗികമായി മാത്രം ആലപിച്ചതിനെതിരെ ഗവർണർ രാജേന്ദ്ര അര്‍ലേക്കർ അതൃപ്തി പ്രകടിപ്പിച്ചു. ലോക്ഭവന്റെ നിർദേശപ്രകാരം പൂർണ ആലാപനം ഉണ്ടായില്ലെന്നും ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവ് വി മുരളീധരന്‍ വിഷയത്തിൽ സർക്കാരിനെ വിമർശിച്ചു. വി.ഡി. സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും സിപിഐഎമ്മിന്റെയും നിലപാടുകൾക്ക് വഴങ്ങിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
വന്ദേമാതരം സഭയിൽ പൂർണമായി ആലപിക്കാത്തതിനെ ചൊല്ലിയുള്ള വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.




