തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് ക്ഷേത്ര ഭരണസമിതി തള്ളിക്കളഞ്ഞു. നേരിട്ടുള്ള പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ളതോ അമൂല്യമോ ആയ വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭരണസമിതി വ്യക്തമാക്കി. വിഷയത്തിൽ പൊലീസ് റിപ്പോർട്ടിനെതിരെ സർക്കാർ തലത്തിൽ കത്ത് നൽകുന്നതും പരിഗണനയിലാണെന്ന് അറിയുന്നു.
അതേസമയം, ത്രീ-ടയർ സുരക്ഷാ സംവിധാനം നിലവിലുണ്ടായിട്ടും ക്ഷേത്രത്തിൽ അമൂല്യ വസ്തുക്കൾ കാണാതായതും സുരക്ഷാ വീഴ്ചയുണ്ടായതുമെന്ന ആരോപണങ്ങളാണ് ഡിജിപിയുടെ റിപ്പോർട്ടിൽ ഉയർന്നിരിക്കുന്നത്. ഈ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയിൽ നിന്ന് ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും.
രാജ്യത്തെ അതീവ സമ്പന്നവും സുപ്രീംകോടതി മേൽനോട്ടത്തിലുള്ളതുമായ ക്ഷേത്രത്തിൽ നിന്ന് അമൂല്യ വസ്തുക്കൾ കാണാതായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ എസ്പിയുടെ നേതൃത്വത്തിലാണ് ക്ഷേത്ര സുരക്ഷാ സംവിധാനം പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്ന വസ്തുക്കൾ കാണാതാകുന്നതും ചിലത് രേഖകളില്ലാതെ തിരികെ വയ്ക്കുന്നതുമടക്കമുള്ള ഗുരുതര ആശങ്കകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്റലിജൻസ് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്നും, രാജകുടുംബവുമായി ബന്ധമുള്ള ചിലർക്ക് പ്രത്യേക വാതിലിലൂടെ നിയന്ത്രണങ്ങളില്ലാതെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും സാധിക്കുന്നുവെന്നുമുള്ള വിവരങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.






