തിരുവനന്തപുരം: കേരള പോലീസിന് കീഴിലെ സൈബർ ഡോം നടപ്പാക്കുന്ന “കിഡ് ഗ്ലൗ” പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ അവബോധം നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.
പുതിയ അധ്യയന വർഷത്തിന്റെ പ്രവേശന ദിനമായ ജൂൺ 2ന് കേരളത്തിലെ 15,402-ത്തിലധികം സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും. “സൈബർ പ്രതിജ്ഞ” മുഖേന സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റൽ ജീവിതം നയിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കും. സൈബർ ഭീഷണികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ വളർത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടർഘട്ടമായി സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലേക്കും കിഡ് ഗ്ലൗ പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.






