ഒടുവിൽ കേരളത്തിന്റെ ആ ആശങ്കയ്ക്കും അവസാനമാകുന്നു. കേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ മുഖം നൽകുന്ന അതിവേഗ റെയിൽ പദ്ധതി പതിയെ രൂപമെടുക്കുകയാണ്. ഇതേ സ്വപ്നം നൽകി വരുകയും ഇടത് സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന പേര് ലഭിക്കുകയും ചെയ്ത് അവസാനം അകാല ചരമമടഞ്ഞ സിൽവർലൈൻ ഇല്ലാതായപ്പോൾ പകരമെന്ത് എന്നതായിരുന്നു പ്രധാന ആശങ്ക. ഒരു ബദൽ പാത പുതിയ സർക്കാർ കൊണ്ടുവരുമെന്നത് ഉറപ്പായിരുന്നെങ്കിലും അത് ഇത്ര വേഗം പിറക്കുമെന്ന് ആരും കരുതിയിരുന്നില്ല. കെ റെയിൽ ഉപേക്ഷിച്ച് വെറും ദിവസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ ബദൽ പ്രഖ്യാപിച്ചിരിക്കുകയാണ് വിഡി സതീശൻ സർക്കാർ.
മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാരിന് മുന്നിൽ എത്തിയിരിക്കുകയാണ്. അതിവേഗ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശനുമായി ഇ ശ്രീധരൻ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ പോസിറ്റീവ് പ്രതികരണമാണ് ഇരു ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വാർത്തകൾ. ഇക്കാര്യത്തിൽ വരുന്ന മന്ത്രിസഭാ യോഗം നിർണായക തീരുമാനം കൈക്കൊണ്ടേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് തുടർ ചർച്ചകൾ നടത്താൻ ധാരണയായി.
അതിവേഗ റെയിൽപാത സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക തീരുമാനം രണ്ട് ആഴ്ചക്കുള്ളിൽ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി സതീശൻ ശ്രീധരനെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന നിർണായക കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന ബദല്‍പാതയാണ് ഇ ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതി. പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായും നിർമിക്കാനാകുമെന്നാണ് ശ്രീധരൻ്റെ റിപ്പോർട്ടിൽ പറയുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതല്‍ ലക്ഷം കോടി വരെയാണ് പദ്ധതിക്ക് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അഞ്ചുവര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂജപ്പുരയില്‍ നിന്ന് കണ്ണൂര്‍ മുണ്ടയാട് വരെ 473.3 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 23 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 12 കോച്ചുകള്‍വരെയുള്ള ട്രെയിനുകളാകും സര്‍വീസിന് ഉപയോഗിക്കുക. ഇതില്‍ എണ്ണൂറ് പേര്‍ക്ക് യാത്ര ചെയ്യാനാകും. പിന്നീട് 16 കോച്ചുകള്‍വരെയാക്കാവുന്ന നിലയിലാണ് പ്ലാറ്റ്‌ഫോമുകള്‍ സജ്ജീകരിക്കുക.
കണ്ണൂര്‍ വിമാനത്താവളത്തെ ബന്ധിപ്പിക്കാന്‍ 10 കിലോമീറ്റര്‍ റോഡ്. തിരുവനന്തപുരത്ത് മാത്രം തുരങ്കം, മറ്റിടങ്ങളില്‍ ആകാശപാത. മണിക്കൂറില്‍ 200 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ട്രെയിനുകളുടെ സര്‍വീസ് വേഗത 140 കിലോമീറ്ററായിരിക്കും. മൂന്ന് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ റയില്‍പാതയുടെ പ്ലാറ്റ്‌ഫോമുകള്‍ 16 കോച്ചുകള്‍ വരെ നിര്‍ത്താവുന്ന രീതിയിലായിരിക്കും. തിരക്കേറിയ സമയങ്ങളില്‍ എല്ലാ 20 മിനിറ്റിലും സര്‍വ്വീസുണ്ടാകും. ഒരുദിവസം 54,400 യാത്രക്കാരെ വരെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാം റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും.
തിരുവനന്തപുരത്ത് 6.5 കിലോമീറ്റര്‍ തുരങ്കപാതയും ബാക്കി പൂര്‍ണ്ണമായും ആകാശപാതയുമായിരിക്കും. അതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ അപേക്ഷിച്ച് ഭൂമിയേറ്റെടുക്കലും കുടിയൊഴിപ്പിക്കലും കുറവായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 51 ശതമാനം പങ്കാളിത്തവും 49 ശതമാനം ക്രൗഡ് ഫണ്ടിങ്ങും വഴിയാണ് നിര്‍മ്മാണച്ചെലവ് കണ്ടെത്തുക.
പദ്ധതി സാധ്യമായാൽ വന്ദേ ഭാരത് ട്രെയിനുകളേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താനാകും. മിതമായ നിരക്കും സമയലാഭവും അതിവേഗ റെയിൽ പദ്ധതിക്ക് നേട്ടമാണ്. എൽഡിഎഫ് സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയ കെ – റെയിൽ (സിൽവർലൈൻ) പദ്ധതി അപ്രായോഗികമാണെന്ന് കണ്ട് യു.ഡി.എഫ് സർക്കാർ പൂർണമായി റദ്ദാക്കിയിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു സിൽവർലൈൻ പദ്ധതി റദ്ദാക്കാനുള്ള തീരുമാനം.
വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് ശ്രദ്ധേയവും നിർണായകവുമാകും. തങ്ങളുടെ സ്വപ്നപദ്ധതിയുടെ കഴുത്തിൽ കത്തിവെച്ചതിന്റെ നീരസം ഇപ്പോഴുമുണ്ടെങ്കിലും നാടിന്റെ വളർച്ചയ്ക്ക് കൂടെ നിൽക്കുമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. കേരളത്തിന് അതിവേഗ റെയിൽവേ പദ്ധതി വേണമെന്നതാണ് സിപിഎമ്മിന്റെ എപ്പോഴത്തെയും വ്യക്തമായ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത് നല്ല സൂചനയുമാണ്. അധികാരത്തിൽ നിന്ന് പുറത്തുപോയെന്ന് കരുതി അതിവേഗ റെയിൽ പദ്ധതിയെ രാഷ്ട്രീയ കാരണങ്ങളാൽ സിപിഎം എതിർക്കില്ല. അതിവേഗ റെയിൽ പദ്ധതി കേരളത്തിന്റെ വേണം. പദ്ധതി വരണം എന്നതാണ് സിപിഎമ്മിന്റെ എക്കാലത്തേയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല ഇപ്പോഴും. മഞ്ഞകുറ്റികൾക്ക് പകരം നിറം മാറ്റി കുറ്റിയടിക്കാനാവില്ല. ജനങ്ങളെ കേട്ട് കൃത്യമായി പഠിച്ച് ജനകീയ പങ്കാളിത്തത്തോടെ മാത്രമേ ഇത് യാഥാർത്ഥ്യമാകൂ. കാസർഗോഡിനെ ഒഴിവാക്കിയതിൽ എതിർപ്പുകൾ ഉയരാം. സ്ഥലമേറ്റെടുപ്പിന്റെ പ്രശ്നങ്ങൾ ഇവിടേയും വരുന്നുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയെന്ന തോന്നൽ ഉണ്ടാക്കാതെ നോക്കേണ്ടതും തലവേദനയാകും.
ചെറിയ കല്ലുകടികൾ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. ഈ പുതിയ പദ്ധതിയേയും എതിർത്ത് രംഗത്ത് എത്തിയിരിക്കുകയാണ് കെ റെയിൽ വിരുദ്ധ സമരസമിതി. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. കേരളത്തിലെ സാഹചര്യത്തിൽ നിലവിലുള്ള റെയിൽപാത ഇരട്ടിപ്പിച്ചാൽ മതി. ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ലെന്നാണ് സമരസമിതി കൺവീനർ എസ് രാജീവൻ പറഞ്ഞത്. ഇത്തരക്കാരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൂടെ നിർത്തുക എന്നതും വെല്ലുവിളിയാകും. എന്തായാലും കെ റെയിലിൽ സംഭവിച്ച പോലെ വാശിയും ധാർഷ്ട്യവും കാണിക്കാതെ ബുദ്ധിപൂർവ്വം ജനങ്ങളെ ഡീൽ ചെയ്യണം എന്ന സാമാന്യ വിവേകം സതീശൻ കാണിക്കുമെന്ന് വിശ്വസിക്കാം.






