കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ആത്മഹത്യാശ്രമം നടത്തി പിന്നീട് മരിച്ച നിക്ഷേപകൻ ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. താനും കുടുംബാംഗങ്ങളും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിലുള്ള കടുത്ത നിരാശയും പരാതികളും സന്ദേശത്തിൽ അദ്ദേഹം പങ്കുവെക്കുന്നു.
ലാഭം ലഭിക്കുമെന്നും ആവശ്യമായപ്പോൾ നിക്ഷേപ തുക തിരികെ നൽകുമെന്നും ഉറപ്പ് നൽകിയതിനാലാണ് പണം നിക്ഷേപിച്ചതെന്ന് ഇബ്രാഹിം ഹാജി ശബ്ദസന്ദേശത്തിൽ പറയുന്നു. എന്നാൽ ചികിത്സാ ആവശ്യങ്ങൾക്കായി പോലും പണം ആവശ്യപ്പെട്ടപ്പോൾ തിരികെ ലഭിച്ചില്ലെന്നും പലവട്ടം ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
കോഴിക്കോട് ഡിസിസി സെക്രട്ടറി സുധീറിനെതിരെയും സന്ദേശത്തിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. തനിക്ക് ലഭിക്കാനുള്ള തുക സംബന്ധിച്ച് പലതവണ ബന്ധപ്പെട്ടിട്ടും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നാണ് ആരോപണം. കൂടാതെ, തനിക്കെതിരെ ആക്രമണശ്രമം നടന്നുവെന്ന ആരോപണവും അദ്ദേഹം ശബ്ദസന്ദേശത്തിൽ ഉന്നയിച്ചിട്ടുണ്ട്.
75 ലക്ഷം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇബ്രാഹിം ഹാജി സന്ദേശത്തിൽ പറയുന്നു. തന്റെ മരണത്തിന് സൊസൈറ്റി ഭാരവാഹികളാണ് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
അതേസമയം, ആത്മഹത്യാശ്രമത്തിന് ഏകദേശം ഒരു മണിക്കൂർ മുൻപാണ് ഇബ്രാഹിം ഹാജി ഈ ശബ്ദസന്ദേശം അയച്ചതെന്ന് ബിജെപി നേതാവ് പ്രഫുൽ കൃഷ്ണ അറിയിച്ചു. സന്ദേശം മരണമൊഴിയായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ വടകരയിലെ ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ഇബ്രാഹിം ഹാജിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.






