കോഴിക്കോട്: തീ കൊളുത്തി ആത്മഹത്യ ചെയ്ത വയോധികൻ ഇബ്രാഹിം കുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ വടകര പൊലീസ് സ്റ്റേഷനിൽ തർക്കം. ആംബുലൻസിൽ നിന്ന് മരുമകനെ ഇറക്കിവിട്ടതായി ആരോപണമുയർന്നതാണ് സംഘർഷത്തിന് കാരണമായത്.
തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹിം കുട്ടി ഹാജിയുടെ മൃതദേഹം സംഘം പ്രസിഡന്റായിരുന്ന സുധീർ കുമാറിന്റെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് മരുമകൻ മുജീബ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതിനിടെ ലീഗ് നേതാവും പൊലീസും ചേർന്ന് ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടെന്നാണ് മുജീബിന്റെ ആരോപണം.
പിന്നീട് വടകര പൊലീസ് സ്റ്റേഷനിലെത്തിയ മുജീബും പൊലീസും തമ്മിൽ ഈ വിഷയത്തിൽ വാക്കേറ്റം നടന്നതായി റിപ്പോർട്ടുണ്ട്. നടപടിക്കെതിരെ മുജീബ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വടകരയിൽ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് കോൺഗ്രസ് നേതാവും കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റുമായ ടി.വി. സുധീർ കുമാറിന്റെ വീട്ടിലെത്തി ഇബ്രാഹിം കുട്ടി ഹാജി തീ കൊളുത്തുകയായിരുന്നു.
അതേസമയം, സുധീർ കുമാറിനെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് നീക്കിയിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളും പ്രതികരണങ്ങളും ശക്തമായിരിക്കുകയാണ്.






