കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അയ്യംവേലി പറമ്പിൽ കണ്ണൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജെൻസൻ എന്നയാളെ തേവര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ജെൻസന്റെ സുഹൃത്തിന്റെ മകളുമായുള്ള കണ്ണന്റെ അടുപ്പമാണ് തർക്കത്തിനും പിന്നീട് കൊലപാതകത്തിനും കാരണമായതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി ഇരുവരും വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് സംഘർഷമുണ്ടാകുകയും ചെയ്തു. ഇതിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവസമയത്ത് പെൺകുട്ടിയുടെ അച്ഛനും മറ്റൊരാളും സ്ഥലത്തുണ്ടായിരുന്നു. ഇവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.






