ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനേഴുകാരനായ സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അസദ് എന്ന പ്രതിയാണ് ഞായറാഴ്ച നടന്ന വെടിവെപ്പിൽ മരിച്ചത്.
ഖോഡ മേഖലയിൽ വെച്ച് പൊലീസ് സംഘവും പ്രതിയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധവൾ ജയ്‌സ്വാൾ അറിയിച്ചു. ഏറ്റുമുട്ടലിൽ പരിക്കേറ്റ അസദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ മെയ് 28-ന് ബക്രീദ് ദിനത്തിലാണ് 11-ാം ക്ലാസ് വിദ്യാർഥിയായ സൂര്യ പ്രതാപിനെ അസദ് കുത്തിപ്പരിക്കേൽപ്പിച്ചത്. ബലി കർമ്മങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞ് അയൽവാസിയായ അസദ് സൂര്യയെ വിളിച്ചുകൊണ്ടുപോയി, പിന്നീട് ഉണ്ടായ തർക്കത്തിനിടെ വയറ്റിൽ കുത്തുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. ഗുരുതരമായി പരിക്കേറ്റ സൂര്യ പ്രതാപ് വെള്ളിയാഴ്ച ചികിത്സയിലിരിക്കെ മരിച്ചു.
കേസിൽ നേരത്തെ ചില പ്രായപൂർത്തിയാകാത്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രധാന പ്രതിയായ അസദിനായി അന്വേഷണം ശക്തമാക്കിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പ്രദേശം വളഞ്ഞത്. ഈ സമയത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പൊലീസിന് നേരെ വെടിയുതിർന്നതായും തുടർന്ന് നടന്ന തിരിച്ചടിയിൽ പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്റ്റബിളിനും വെടിയേറ്റു പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.






