തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛനായ അഷ്കർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനിടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കുഞ്ഞ് ഭാവിയിൽ ബാധ്യതയാകുമെന്ന ചിന്തയും കുട്ടിയുടെ കരച്ചിലും പ്രകോപനത്തിന് കാരണമായെന്നാണ് പ്രതിയുടെ മൊഴി. ഇതിനെ തുടർന്ന് കുട്ടിയെ പലതവണ മർദിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
പനവൂർ കരിക്കുഴി നെല്ലിക്കുന്ന് സ്വദേശിയായ അർഷിത് എന്ന കുട്ടിയാണ് വെള്ളിയാഴ്ച എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നാണ് രണ്ടാനച്ഛൻ ആശുപത്രിയിൽ അറിയിച്ചിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ഗുരുതരമായ ശാരീരിക പീഡനത്തിനിരയായതായി കണ്ടെത്തി.
കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളും പൊള്ളലേറ്റ പാടുകളും നെഞ്ചിൽ ഗുരുതര പരിക്കുകളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതാണ് മരണകാരണമെന്നും കണ്ടെത്തി. സംഭവത്തിൽ അമ്മയായ അഖിലയെയും രണ്ടാനച്ഛനായ അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്. ആദ്യഭർത്താവിന്റെ മരണത്തിന് ശേഷമാണ് അഖില അഷ്കറിനൊപ്പം താമസിക്കാൻ തുടങ്ങിയത്. കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






