മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. സിയാംകണ്ടം പാലശ്ശേരി പറമ്പിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസി (15) ആണ് അപകടത്തിൽ പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന്റെ ടെറസിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ മാസിൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ വീടിന്റെ ഗേറ്റിലെ ഇരുമ്പ് കമ്പി വായിൽ തുളച്ചുകയറി.
സംഭവം കണ്ട അയൽവാസികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഗേറ്റിന്റെ കമ്പി മുറിച്ച്, വായിൽ തറച്ചിരുന്ന കമ്പിയോടുകൂടി കുട്ടിയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വായിൽ തറച്ചിരുന്ന ഭാഗം ഒഴികെയുള്ള കമ്പികൾ മുറിച്ചുമാറ്റി. തുടർന്ന് കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകി. വായിൽ തുളച്ചുകയറിയ കമ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.






