തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോളിനും ഡീസലിനും മേൽ ഈടാക്കുന്ന അധിക നികുതിയിൽ കുറവ് വരുത്തണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. വാറ്റ്, സെസ് എന്നിവയിൽ ഉൾപ്പെടെ കുറഞ്ഞത് 10 രൂപയെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാൽ ഇന്ധനവില കുറയുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മറ്റ് ചില എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സംസ്ഥാന നികുതിയിൽ കുറവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം, മിൽമ പാലിന്റെ വില വർധനവിനെയും സുരേന്ദ്രൻ വിമർശിച്ചു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് പാലിന്റെ വില കൂട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു. കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മിൽമ പാലിന്റെ വില കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.






