ചാലക്കുടി: അതിരമ്പിള്ളി ഭാഗത്തെ വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് 100 അംഗങ്ങളുടെ കര്‍മസേന രൂപീകരിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബി ജോണിന്റെയും എറണാകുളം ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോണിന്റെയും നേതൃത്വത്തില്‍ ചാലക്കുടി റസ്റ്റ് ഹൗസില്‍ നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം.
യോഗത്തില്‍ എടുത്ത മറ്റ് പ്രധാന തീരുമാനങ്ങള്‍ ഇവയാണ്:
- ജനവാസ കേന്ദ്രങ്ങളില്‍ വിഹരിക്കുകയും മനുഷ്യര്‍ക്ക് അപകടകാരികളുമായ ആനകളെ ഉള്‍ക്കാടുകളില്‍ റീലൊക്കേറ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി 100 അംഗങ്ങള്‍ ഉള്‍പ്പെട്ട കര്‍മസേന രൂപീകരിക്കും. ഡിസിഎഫ് അടക്കമുള്ള സീനിയര്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അത്യാധുനിക ഉപകാരണങ്ങളുടെ സഹായത്തോടെയുള്ള സ്‌പെഷ്യല്‍ ഡ്രൈവ് നാളെ മുതല്‍ ആരംഭിക്കും.
- ഇവരുടെ റിപ്പോര്‍ട്ട് അതാത് ദിവസങ്ങളില്‍ വനം- വന്യജീവി വകുപ്പ് മന്ത്രി, എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ എന്നിവര്‍ക്ക് നല്‍കണം.
- പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 24 മണിക്കൂറും ആംബുലന്‍സ് സൗകര്യം നല്‍കാന്‍ തീരുമാനിച്ചു.
- അതിരപ്പിള്ളി പഞ്ചായത്ത് മുന്‍പ് സമര്‍പ്പിച്ചിരുന്ന കര്‍മ്മ സേന പ്രോജക്ട് അംഗീകരിക്കാന്‍ തീരുമാനമായി.
- കാടുകളുടെ കാരിയിങ് കപ്പാസിറ്റിക്ക് അനുസൃതമായാണോ ആനകളുടെ എണ്ണം എന്ന് പഠനം നടത്താന്‍ ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏല്‍പ്പിക്കാനും തീരുമാനമായി. ആ റിപ്പോര്‍ട്ടിന് അനുസൃതമായി തുടര്‍ നടപടികള്‍ സ്വീകരിക്കും.
- പിഡബ്ല്യുഡി റോഡുകളുടെ അടിക്കാടുകള്‍ വെട്ടുന്നത് സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനമായി.
- വനാതിര്‍ത്തിയില്‍ 20 മീറ്റര്‍ വരെയുള്ള വിസ്ത ക്ലിയറന്‍സ് നടപ്പാക്കും.
- വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് എഐ ടൂളുകളും ഹാങ്ങിങ് സോളാര്‍ ഫെന്‍സിങ്ങും പ്രിന്‍സിംഗ് ആവശ്യമുള്ളിടത്ത് അതും നടത്തി ഇന്റഗ്രേറ്റഡ് പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തും.
- ഫെന്‍സിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളില്‍ സമയബന്ധിതമായി മെയിന്റനന്‍സ് നടത്തുന്നതിന് പഞ്ചായത്തും കര്‍ഷകരും ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കും.






