തിരുവനന്തപുരം: സ്കൂളുകളിൽ മൂന്ന് ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ എൽഡിഎഫ് സർക്കാർ മുൻപ് തന്നെ ചർച്ച നടത്തിയിരുന്നുവെന്നും, ഇത് പ്രഖ്യാപനംകൊണ്ട് മാത്രം പരിഹരിക്കാവുന്ന വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
“പ്രായോഗികമായി നടപ്പിലാക്കുമ്പോൾ നിരവധി പ്രശ്നങ്ങളുണ്ട്. പഠനം നടത്തുന്നതിനായി എസ്‌സിഇആർടി യെ ചുമതലപ്പെടുത്തിയിരുന്നു. പ്രഖ്യാപനം മോശമല്ല, എന്നാൽ പഠിച്ച ശേഷമേ നടപ്പാക്കേണ്ടതായിരുന്നുള്ളൂ,” എന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി.
ആർത്തവ അവധി വിഷയത്തിൽ വിവിധ രാഷ്ട്രീയ പ്രതികരണങ്ങൾ ഉയരുന്നതിനിടെ, യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തി. വിഷയത്തിൽ വിദ്യാർത്ഥിനികളുടെ അഭിപ്രായങ്ങളും പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന നിലപാടുകളും ഉയർന്നിട്ടുണ്ട്.
അതേസമയം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വിഷയത്തിൽ സർക്കാർ നിലപാട് വിശദീകരിച്ചു. സ്ത്രീകളിൽ ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെന്നും, അവരെ ക്ലാസുകളിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ പരാതികളുടെ അടിസ്ഥാനത്തിൽ തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.





