കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ പോലീസിൽ പരാതി നൽകി. തനിക്കെതിരെ തുടർച്ചയായി സൈബർ ആക്രമണം നടത്തുകയും വർഗീയ പരാമർശങ്ങൾ നടത്തുകയും കുടുംബത്തെ വേട്ടയാടുകയും ചെയ്യുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇൻഫോ പാർക്ക് പോലീസിനാണ് അൻസിബ പരാതി നൽകിയത്.
സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ താൻ ഉന്നയിച്ച അഭിപ്രായങ്ങൾ ടിനി ടോമിന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും അതിന് പിന്നാലെ വ്യക്തിപരമായി ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്നും അൻസിബ ആരോപിച്ചു.
അൻസിബ തന്റെ ഡ്രൈവറെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണം ടിനി ടോം മുമ്പ് ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അൻസിബ പ്രതികരിച്ചു. കൂടാതെ, വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും സിനിമാ മേഖലയിലെ ചിലരെ കൂട്ടുപിടിച്ചും ടിനി ടോം തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടി.
ടിനി ടോമിന് പുറമെ നടിയും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ. വി.ആർ. രേഷ്മയ്ക്കുമെതിരെയും അൻസിബ പരാതി നൽകിയിട്ടുണ്ട്. ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നാണ് എസ്.ഐ.ക്കെതിരായ ആരോപണം.
മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർന്ന് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. ടിനി ടോം തന്നെ “ജിഹാദി” എന്ന് വിളിച്ചുവെന്നും മതപരിവർത്തനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ പ്രചരിപ്പിച്ചുവെന്നും അൻസിബ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ വ്യാജമാണെന്ന് ബന്ധപ്പെട്ട വ്യക്തികൾ തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട പരാതികളിൽ പോലീസ് അന്വേഷണം തുടരുകയാണ്.






