തിരുവനന്തപുരം: തിരുവനന്തപുരം മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മുത്താന ചരുവിള പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ ഷീബ (41)യാണ് മരിച്ചത്.
ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് ഷീബ കല്ലുവാതുക്കലിലെ സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു. പിന്നീട് ഇവരെ കാണാതായതിനെ തുടർന്ന് ഷീബയുടെ അമ്മ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലും തിരച്ചിലിലുമാണ് മുത്താനയിലെ ഭർതൃവീട്ടിലെ കിണറ്റിൽ ഷീബയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷീബയ്ക്കും ഭർത്താവ് സുനിലിനും രണ്ട് മക്കളുണ്ട്.






