തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് ആണ് മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തർക്കമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അധ്യാപകർ അറിയിച്ചതിനെ തുടർന്ന് വിദ്യാർഥിയുടെ രക്ഷിതാക്കൾ സ്കൂളിലും ട്യൂഷൻ സെന്ററിലും എത്തിയിരുന്നു. തുടർന്ന് വൈകുന്നേരം വീട്ടിലെത്തിയ വൈകാശ് മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ നൽകാൻ തയ്യാറായില്ലെന്നാണ് വിവരം.
രാത്രി 9.30ഓടെ പിണങ്ങി മുറിയിലേക്ക് കയറിയ വിദ്യാർഥി വാതിൽ അടച്ചിരുന്നു. രാത്രി 10.45ഓടെ രക്ഷിതാക്കൾ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ വൈകാശിനെ കണ്ടെത്തിയത്.
ഉടൻ അയൽവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






