ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം വ്യക്തിപരമായി ക്രൂശിക്കുന്നത് വലിയ നീതികേടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്നും, ഇടതുപക്ഷത്തിന് സംഭവിച്ച പരാജയത്തിൽ സിപിഎം ആത്മപരിശോധനയും സ്വയംവിമർശനവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻഡിപി മുഖപത്രമായ ‘യോഗനാഥ’ത്തിലെ ‘സഖാക്കളോട്…’ എന്ന് തുടങ്ങുന്ന എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ഇടത് മുന്നണിക്കെതിരെയും പാർട്ടി പ്രവർത്തകർക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.
പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ തന്നെ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എറിയുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പാർട്ടിയിലെ താഴെത്തട്ടിലുള്ള യോഗങ്ങളിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഉയർന്നുവന്ന കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.






