കൊച്ചി: ഷട്ടിൽ ബാഡ്മിന്റൺ കളിച്ച ശേഷം കുഴഞ്ഞുവീണ് കരാട്ടെ പരിശീലകൻ മരിച്ചു. കാഞ്ഞൂർ കാഞ്ഞിലാൻ വീട്ടിൽ അജയൻ (48) ആണ് മരിച്ചത്. ശനിയാഴ്ച അതിരാവിലെ കാഞ്ഞൂരിലെ ഷട്ടിൽ കോർട്ടിൽ കളി പൂർത്തിയാക്കിയ ശേഷം കസേരയിൽ ഇരിക്കുന്നതിനിടെയാണ് അജയന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞുവീണ അജയന് ഒപ്പമുണ്ടായിരുന്നവർ ഉടൻ സി.പി.ആർ നൽകി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകിയിരുന്ന അജയൻ നിരവധി സ്കൂളുകളിലെ വിദ്യാർഥികളുടെയും പരിശീലകനായിരുന്നു. കായിക രംഗത്തും പരിശീലന മേഖലയിലും സജീവമായിരുന്ന അജയന്റെ അപ്രതീക്ഷിത വിയോഗത്തിൽ നാട്ടുകാരും വിദ്യാർഥികളും ദുഃഖത്തിലാണ്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും. മിനിയാണ് ഭാര്യ.













