സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരൻ പിടിയിൽ. സബിത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് പത്താം ദിവസമാണ് എറണാകുളത്തുനിന്ന് ഇയാളെ പിടികൂടിയത്.
സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ഏഴ് ചാക്കുകളാണ് മോഷണം പോയത്. ജൂൺ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങളായിരുന്നു ഇവ. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലാണിത്.
മുറി വൃത്തിയാക്കുന്നതിനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. മുറിയുടെ പൂട്ട് തകർത്തല്ല മോഷണം നടന്നതെന്നും താക്കോൽ കൈക്കലാക്കിയാണ് തൊണ്ടിമുതലുകൾ പുറത്തെടുത്തതെന്നുമാണ് കണ്ടെത്തൽ.


