തിരുവനന്തപുരം: ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. സര്‍വകലാശാല ക്യാംപസില്‍ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും തുരത്താന്‍ ശ്രമിക്കുന്നത് ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നതുകൊണ്ടാണ്. രാജ്യത്തുയര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങള്‍ക്കു പിന്നിലെന്ന് വ്യക്തമാണ്. ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിനു പുറകിലുള്ളവര്‍ അതില്‍ നിന്ന് പിന്തിരിയുന്നില്ലെങ്കില് ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമെന്നുറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
18 വയസ്സ് തികയുന്ന ഒരു പൗരന് രാജ്യത്തിന്റെ ഭരണം നിര്‍ണ്ണയിക്കാനും സര്‍ക്കാരുകളെ തെരഞ്ഞെടുക്കാനുമുള്ള വോട്ടവകാശം നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കാനായി വോട്ട് ചെയ്യാന്‍ പ്രാപ്തിയുള്ള യുവത്വത്തിന്, തങ്ങള്‍ പഠിക്കുന്ന കലാലയങ്ങളില്‍ രാഷ്ട്രീയ ബോധത്തോടെ ചിന്തിക്കാനും സംഘടിക്കാനും പ്രതികരിക്കാനും അവകാശമില്ല എന്ന വാദം ഭരണഘടനാ വിരുദ്ധവും തികഞ്ഞ അരാഷ്ട്രീയതയുമാണെന്നും പിണറായി വിജയൻ പറഞ്ഞു.


