കൊല്ലം: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഡിവൈഎസ്പി സ്ക്വാഡിലെ പൊലീസുകാർക്കുനേരെയാണ് യുവതികളടക്കമുള്ള നാലംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ എസ്.ഐ ജിനുവിന് സാരമായി പരിക്കേറ്റു. സംഭവത്തിൽ ജെറിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വധശ്രമക്കേസിലെ പ്രതി ജെറിൻ കരുനാഗപ്പള്ളിയിലുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡിവൈഎസ്പി സ്ക്വാഡിലെ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിൽ ജെറിനും മൂന്ന് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. തങ്ങൾ പൊലീസാണെന്ന് അറിയിച്ചെങ്കിലും സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
ചുടുകട്ട ഉപയോഗിച്ച് പൊലീസുകാരുടെ തലയ്ക്കടിക്കുകയും സ്ത്രീകൾ ചേർന്ന് എസ്.ഐ ഉൾപ്പെടെയുള്ളവരെ ഇടിക്കുകയും കടിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.












