തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ സഹോദരിയെന്നതിനേക്കാള്‍ ഒരു മകളെ പോലെയാണ് തനിക്കെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. 1988-ല്‍ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനില്‍ നിന്നും കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയില്‍ ചേര്‍ക്കുകയും ഔദ്യോഗിക രേഖകളില്‍ ലോക്കല്‍ ഗാര്‍ഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
ലയോള കോളജില്‍ നിന്നും എം.എ പാസ്സായപ്പോള്‍ തന്നെ നിയമപഠനത്തിന് ഷാനിമോളെ താന്‍ പ്രേരിപ്പിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ്, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയില്‍ ഷാനിമോള്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചപ്പോഴെല്ലാം പിതൃതുല്യമായ ചാരിതാര്‍ത്ഥ്യത്തോടെയാണ് വീക്ഷിച്ചിരുന്നത്. 1990-ല്‍ ശാസ്താംകോട്ടയില്‍ നടന്ന ഒരു കെ.എസ്‌യു ക്യാമ്പില്‍ തന്റെ പ്രഭാഷണത്തിനു ശേഷം ചോദ്യങ്ങള്‍ തുടരെ ഉന്നയിച്ചപ്പോള്‍ ‘ചുണക്കുട്ടി’ യെന്ന് താന്‍ വിശേഷിപ്പിച്ച ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
‘മൂന്നുപതിറ്റാണ്ട് മുമ്പ് ഞാന്‍ ഷൊര്‍ണ്ണൂരിലെത്തിയാല്‍ എപ്പോഴും തങ്ങുന്നത് വി കെ. ശ്രീകണ്ഠന്റെ വസതിയിലാണ്. ശ്രീകണ്ഠന്‍് എം പി വിവാഹം കഴിയ്ക്കുന്നതിനു മുമ്പുതന്നെ കെ.എസ്.യു പ്രവര്‍ത്തകയെന്ന
നിലയില്‍ അറിയാമായിരുന്ന പക്വമതിയായ കെ.എ.തുളസി ഇപ്പോള്‍ മന്ത്രിയാണ്. 1978 ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റ്ണിയോടൊപ്പം ഞാന്‍ കണ്ട ചോരക്കുഞ്ഞാണ് ജെബി മേത്തര്‍ എം.പി. 1980-ല്‍ ഞാന്‍ കെ.എസ്.യു പ്രസിഡണ്ടായിരുന്നപ്പോള്‍ എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രാര്‍ത്ഥനാ ഗാനം അതിമനോഹരമായി ആലപിച്ചപ്പോള്‍ എല്ലാവരും അഭിനന്ദിച്ച അന്നത്തെ പാവാടക്കാരിയാണ് തൃക്കാക്കരയില്‍ നിന്നും വീണ്ടും വന്‍ വിജയം നേടിയ ഉമ തോമസ്. പെങ്ങള്‍ കുട്ടി എന്ന് വിളിക്കുന്ന രമ്യാ ഹരിദാസും, പോരാളിയായ വിദ്യാ ബാലകൃഷ്ണനും ഇപ്പോള്‍ എം.എല്‍.എ മാരാണെങ്കിലും എനിക്ക് മക്കള്‍ തന്നെയാണ്’- ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
ഇന്ന് കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും താന്‍ എപ്പോഴും ആഗ്രഹിച്ച കോണ്‍ഗ്രസിലെ ഒരു തലമുറ മാറ്റത്തിന്റെ പ്രതീകങ്ങളാണ്. ഇവരുടെയെല്ലാം രാഷ്ട്രീയ വളര്‍ച്ചയില്‍ അഭിമാനിക്കുന്നു. സ്വന്തമായി കുടുംബമില്ലാത്ത തനിക്ക് ഇപ്പോള്‍ സ്‌നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ്. ഇവര്‍ക്കെല്ലാം മരണം വരെ തന്റെ ഹൃദയത്തില്‍ സ്ഥാനമുണ്ടായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.






