കൊച്ചി: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്കും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം വ്യാപിപ്പിച്ചു.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകളിലെ സന്ദേശങ്ങളും കോളുകളും വിശദമായി പരിശോധിക്കും.ആക്രമണത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഫോൺ വിളികളോ സന്ദേശങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമാകും. അത്തരം സന്ദേശങ്ങൾക്കും നിർദേശങ്ങൾക്കും പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും എസ്ഐടി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നേതാക്കളാണോ പ്രവർത്തകരാണോ എന്ന വ്യത്യാസമില്ലാതെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അന്വേഷണ സംഘം അറിയിച്ചു.






