കൊച്ചി: കലൂരിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ ആക്രമണക്കേസിലെ മുഖ്യപ്രതി അക്ബർ അലിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. അക്ബറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
കലൂർ ലിബർട്ടി ലെയ്‌നിൽ ഹൈലാൻഡ് ലോഡ്ജ് നടത്തുന്ന അക്ബർ അലിയും മറ്റ് ചില പ്രതികളും ഇപ്പോഴും ഒളിവിലാണ്. അക്ബറിനെതിരെ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ പശ്ചാത്തലവും പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്.
അക്ബറിന്റെ ലോഡ്ജ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ലോഡ്ജിൽ പരിശോധന നടത്തിയെങ്കിലും നിർണായക തെളിവുകൾ ലഭിച്ചില്ല. ലോഡ്ജിൽ എത്തുന്നവരെയും അവിടെയുള്ള പ്രവർത്തനങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെ കലൂർ-എളമക്കര റോഡിനടുത്തുള്ള ചക്കാലപ്പാടം റോഡിലാണ് സംഭവം നടന്നത്. റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രണ്ട് പെൺകുട്ടികൾ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
പ്രതികളുടെ സംഘത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ, സമീപത്തുണ്ടായിരുന്ന ആളുകൾ എന്താണ് പറയുന്നതെന്ന് നോക്കാൻ പെൺകുട്ടികളോട് ആവശ്യപ്പെട്ടു. തിരിഞ്ഞുനോക്കിയപ്പോൾ അക്ബർ അലി അശ്ലീല ആംഗ്യം കാണിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒരു പെൺകുട്ടിയെ നിലത്തിട്ട് മർദിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മൊബൈൽ ഫോൺ തകർത്തതായും പരാതിയുണ്ട്.
കേസിൽ പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ അക്ബർ അലിയുടെ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു. അക്ബർ അലി ഉൾപ്പെടെ ഏഴ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. സംഘത്തിൽ രണ്ട് യുവതികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടരുകയാണ്.






