ആലപ്പുഴ: കായംകുളം പത്തിയൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു. ശ്രീസധനത്തിൽ രാജമ്മയുടെയും അവരുടെ പേരക്കുട്ടിയുടെയും മേലാണ് തെരുവുനായ ആക്രമണം നടത്തിയത്.
രാജമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെ പെട്ടെന്ന് പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കാലിനാണ് കടിയേറ്റത്. ആക്രമണത്തിൽ രാജമ്മയ്ക്കും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുല്ലുകുളങ്ങര പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർക്ക് തെരുവുനായയുടെ ആക്രമണം നേരിട്ടതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
തെരുവുനായ ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.






