തിരുവനന്തപുരം: നിയമസഭയിലെ പെരുമാറ്റച്ചട്ടങ്ങളും മര്യാദകളും പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രത്യേക റൂളിംഗ് നൽകി. സഭയുടെ ഗൗരവം കാത്തുസൂക്ഷിക്കാൻ എല്ലാ അംഗങ്ങളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 71 അംഗങ്ങൾ മുതിർന്ന അംഗങ്ങളുടെ പ്രവർത്തനരീതി മാതൃകയാക്കണമെന്നും സ്പീക്കർ നിർദേശിച്ചു. നിയമസഭയിലെ ചട്ടങ്ങളും നടപടിക്രമങ്ങളും കൂടുതൽ മനസ്സിലാക്കുന്നതിനായി ജൂൺ 17ന് പുതിയ അംഗങ്ങൾക്കായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെമിനാറിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും.
ഇന്നലെ സഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായതിനാൽ ചില അംഗങ്ങൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ പെരുമാറിയതായി സ്പീക്കർ ചൂണ്ടിക്കാട്ടി. ചിലർ ചെയറിന് മുന്നിൽ മുഖം മറച്ച് നിൽക്കുകയും സഭയ്ക്കുള്ളിൽ അനാവശ്യമായി നടക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളെ സഭാ ചട്ടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക റൂളിംഗ് നൽകിയതെന്നും സ്പീക്കർ വ്യക്തമാക്കി. നിയമസഭയുടെ അന്തസ്സും ക്രമവും നിലനിർത്താൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






