വാഷിങ്ടൺ: യുഎസ് വ്യോമസേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനമായ ‘ക്ലൗഡ് വൺ’ (Cloud One) സൈബർ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. ആക്രമണത്തിലൂടെ സൈനികരെയും ജീവനക്കാരെയും സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങൾ ചോർന്നിരിക്കാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് യുഎസ് സൈബർ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.
വൈറ്റ് ഹൗസിലെ നാഷണൽ സൈബർ ഡയറക്ടർ സീൻ കെയർൺക്രോസിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനത്തുനിന്ന് നീക്കിയതും ഇതിനിടെ ശ്രദ്ധേയമായി. സൈബർ സുരക്ഷാ മേഖലയിലെ തുടർച്ചയായ വീഴ്ചകൾക്കിടെയാണ് ഈ ഉദ്യോഗസ്ഥ മാറ്റം.
കഴിഞ്ഞ മാസത്തെ സിസ്റ്റം അപ്ഗ്രേഡുകൾക്കിടെയാണ് ക്ലൗഡ് വണ്ണിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. എത്രത്തോളം നുഴഞ്ഞുകയറ്റം നടന്നുവെന്നോ ഏതൊക്കെ വിവരങ്ങളാണ് ചോർന്നതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ, എൻ.എസ്.എ (NSA), സി.ഐ.എ (CIA), എഫ്.ബി.ഐ (FBI), ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) തുടങ്ങിയ പ്രമുഖ ഫെഡറൽ ഏജൻസികളുടെ നെറ്റ്വർക്കുകളിലും അടുത്തിടെ സൈബർ ആക്രമണങ്ങളും തടസങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എഫ്.എ.എയിലെ സാങ്കേതിക തടസത്തെത്തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെക്കേണ്ടി വന്നതായും പതിനായിരക്കണക്കിന് യാത്രക്കാരുടെ യാത്ര തടസപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ആഴ്ച രാജ്യത്തെ നിയമ നിർവഹണ ഏജൻസികൾ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന എഫ്.ബി.ഐയുടെ പ്രധാന ഡാറ്റാബേസിലേക്ക് ഹാക്കർമാർ നുഴഞ്ഞുകയറിയിരുന്നു. വെബ്സൈറ്റുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന പി.എച്ച്.പി (PHP) പ്രോഗ്രാമിങ് ഭാഷയിലെ സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നതിനുള്ള അടിയന്തര അപ്ഡേറ്റുകൾക്കിടെ എൻ.എസ്.എയുടെ നെറ്റ്വർക്കിലും തടസമുണ്ടായി. രഹസ്യവിവരങ്ങൾ സൂക്ഷിക്കാനും കൈമാറാനും ഉപയോഗിക്കുന്ന ഏജൻസിയുടെ നെറ്റ്വർക്ക് ഈ സമയത്ത് ഓഫ്ലൈനായിരുന്നു.
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പൊതുസ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ സി.ഐ.എയും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസും ഉപയോഗിക്കുന്ന നെറ്റ്വർക്കുകളിലും നുഴഞ്ഞുകയറ്റമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ ഈ സംഭവങ്ങൾ യുഎസ് ഫെഡറൽ ഏജൻസികളുടെ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ ശേഷിയെക്കുറിച്ച് ചോദ്യങ്ങളുയർത്തിയിട്ടുണ്ട്.
ഫെഡറൽ സർക്കാരിന്റെ സൈബർ സുരക്ഷാ നയങ്ങളുടെയും തന്ത്രങ്ങളുടെയും മേൽനോട്ടം വഹിച്ചിരുന്നത് സീൻ കെയർൺക്രോസായിരുന്നു. അദ്ദേഹത്തെ നീക്കാനുള്ള തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച ട്രംപ്, ഈ പദവിക്ക് അദ്ദേഹം അനുയോജ്യനല്ലെന്നാണ് തനിക്ക് തോന്നിയതെന്ന് വ്യക്തമാക്കി. നെറ്റ്വർക്ക് തടസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള ഭരണകൂടത്തിന്റെ ആദ്യത്തെ പ്രധാന ഉദ്യോഗസ്ഥ മാറ്റമാണിത്.
കെയർൺക്രോസിന് പകരം പ്രതിരോധ വകുപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായ കേർസ്റ്റൺ ഡേവിസ് താൽക്കാലികമായി ചുമതലയേൽക്കും. ട്രംപ് ഭരണകൂടത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ബഹുമതിയായി കരുതുന്നുവെന്നാണ് സ്ഥാനമൊഴിഞ്ഞശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ കെയർൺക്രോസ് പ്രതികരിച്ചത്.


