മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലുമായാണ് കേന്ദ്രസർക്കാർ ഇപ്പോൾ മുന്നോട്ടു പോകുന്നത്. ലോകസഭയിലെ അംഗബലം കൂട്ടുന്നതിനൊപ്പം തന്നെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലും 50 ശതമാനം സീറ്റ് വർധനവാണ് ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഭേദഗതി ബിൽ പാർലമെന്റിൽ പാസായാൽ കേരള നിയമസഭയിലെ സീറ്റുകളുടെ എണ്ണത്തിലും 50 ശതമാനം വർധനവുണ്ടാകും. അങ്ങനെ ബിൽ നിയമമായി മാറുന്ന പക്ഷം, ഇപ്പോൾ നിലവിലുള്ള 140 നിയമസഭാ മണ്ഡലങ്ങൾ 210 ആയി ഉയരും; അതായത് ആകെ 70 പുതിയ സീറ്റുകൾ കൂടി വരും.
കേരളത്തിൽ മാത്രമല്ല, രാജ്യത്തെ ഓരോ സംസ്ഥാനത്തിന്റെയും നിലവിലുള്ള നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വീതം വർധനവാണ് ഈ ബിൽ നിർദേശിക്കുന്നത്. വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള ഇപ്പോഴത്തെ ആപേക്ഷിക സീറ്റ് അനുപാതം അതേപടി നിലനിർത്തുക എന്ന ലക്ഷ്യവും ഈ നിർദേശത്തിനു പിന്നിലുണ്ട്. കേരളത്തിന്റെ ലോകസഭാ സീറ്റുകളുടെ എണ്ണം 20ൽ നിന്ന് 30 ആയി ഉയർത്താനും ഈ ബില്ലിൽ നിർദേശമുണ്ട്. രാജ്യത്തെ മൊത്തം ലോകസഭാ സീറ്റുകളുടെ പരമാവധി എണ്ണം 850 ആയി നിശ്ചയിക്കാനും ഭരണഘടനാ ഭേദഗതി ബിൽ ലക്ഷ്യമിടുന്നു. എന്നാൽ 850 എന്നത് പരമാവധി അംഗസംഖ്യ മാത്രമാണെന്നും, അത്രയും സീറ്റുകൾ തന്നെ വേണമെന്ന നിർബന്ധമില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
സീറ്റ് വർധനവിന്റെ പ്രാധാന്യം എന്തൊക്കെയാണ്?
നിയമസഭാ മണ്ഡലങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നത് ജനാധിപത്യത്തിലെ ജനപ്രാതിനിധ്യത്തിൽ നിർണായക മാറ്റങ്ങളാണ് കൊണ്ടുവരിക. ഇതിനായി കേന്ദ്രസർക്കാർ ഒരു മണ്ഡല പുനർനിർണയ കമ്മിഷനെ നിയോഗിക്കുകയും, ആ കമ്മിഷനായിരിക്കും പുതിയ മണ്ഡലങ്ങളുടെ അതിർത്തികൾ നിശ്ചയിക്കുകയും ചെയ്യുക. നിയമസഭാ സീറ്റുകൾ 210 ആയി ഉയർന്നാൽ കൂടുതൽ ജനപ്രതിനിധികൾക്ക് സഭയിലെത്താൻ അവസരം ലഭിക്കും. പുതിയ മണ്ഡലങ്ങൾ രൂപീകരിക്കപ്പെടുമ്പോൾ ഓരോ എംഎൽഎയുടെയും നിയോജകമണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് സാധാരണ ജനങ്ങൾക്ക് തങ്ങളുടെ ജനപ്രതിനിധിയെ കൂടുതൽ എളുപ്പത്തിൽ സമീപിക്കാനും പ്രാദേശിക പ്രശ്‌നങ്ങൾ വേഗത്തിൽ അവതരിപ്പിക്കാനും സഹായകമായേക്കാം.
33% വനിതാ സംവരണം മറ്റൊരു നിർണായക മാറ്റമാണ്
ഈ പുതിയ നിർദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് നിയമസഭകളിലും ലോകസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുക എന്നതാണ്. 2023ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ 106-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെയാണ് വനിതാ സംവരണത്തിന് നിയമപരമായ അടിത്തറ രൂപപ്പെട്ടത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നറിയപ്പെടുന്ന ഈ നിയമം ലോകസഭയിലും വിവിധ സംസ്ഥാന നിയമസഭകളിലും ഡൽഹി, പുതുച്ചേരി, ജമ്മു കശ്മീർ നിയമസഭകളിലും മൂന്നിലൊന്ന് (33%) സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നു.
കേരളത്തിലെ നിയമസഭാ സീറ്റുകൾ 210 ആയി ഉയരുകയും, അതിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി സംവരണം ചെയ്യുകയും ചെയ്താൽ കണക്കനുസരിച്ച് 70 സീറ്റുകൾ വനിതകൾക്ക് ലഭിക്കും. പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഈ വനിതാ സംവരണം ബാധകമായിരിക്കും. ഏതൊക്കെ മണ്ഡലങ്ങളാണ് വനിതകൾക്കായി സംവരണം ചെയ്യേണ്ടതെന്ന തീരുമാനം മണ്ഡല പുനർനിർണയ കമ്മിഷനായിരിക്കും എടുക്കുക.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള നിയമസഭാ സംവരണ സീറ്റുകളും മണ്ഡല പുനർനിർണയ പ്രക്രിയയുടെ ഭാഗമായി പുനഃക്രമീകരിക്കും. നിലവിൽ കേരള നിയമസഭയിലെ 140 സീറ്റുകളിൽ 14 സീറ്റുകൾ പട്ടികജാതി വിഭാഗങ്ങൾക്കും 2 സീറ്റുകൾ പട്ടികവർഗ വിഭാഗങ്ങൾക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. സീറ്റുകളുടെ ആകെ എണ്ണം 210 ആയി ഉയരുമ്പോൾ ഈ സംവരണ സീറ്റുകളുടെ എണ്ണത്തിലും മാറ്റങ്ങൾ വരാം. എന്നാൽ നിലവിലുള്ള 14 എസ്‌സി സീറ്റുകളും 2 എസ്‌ടി സീറ്റുകളും 50 ശതമാനം വീതം കൂട്ടി യഥാക്രമം 21 എന്നും 3 എന്നും കണക്കാക്കാൻ കഴിയില്ല.
മണ്ഡല പുനർനിർണയം നടക്കുന്ന സമയത്ത് സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ ജനസംഖ്യയുടെ ആനുപാതിക കണക്കുകൾ കൂടി പരിഗണിച്ചായിരിക്കും സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കുക. അതായത്, പുതിയ മണ്ഡലങ്ങൾ രൂപീകരിക്കുമ്പോൾ ഈ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.
മണ്ഡല പുനർനിർണയ പ്രക്രിയയിൽ ജനസംഖ്യാ കണക്കുകൾക്ക് അത്യന്താപേക്ഷിതമായ പ്രാധാന്യമാണുള്ളത്. പുതിയ നിർദേശപ്രകാരം നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ നിശ്ചയിക്കുന്നത് ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ വരുന്ന സമയത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും പുതിയ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും. നിലവിൽ ലഭ്യമായ ഏറ്റവും പുതിയ പൂർണ സെൻസസ് കണക്കുകൾ 2011ലേതാണ്. അതിനാൽ പുതിയ സെൻസസ് കണക്കുകൾ അതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ, 2011ലെ ജനസംഖ്യാ കണക്കുകളായിരിക്കും അടിസ്ഥാനമാക്കുക.
ഇക്കാര്യത്തിൽ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന വസ്തുത, ഇതൊന്നും ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടോ ആഴ്ചകൾ കൊണ്ടോ പൂർത്തിയാക്കാൻ കഴിയുന്ന ലളിതമായ പ്രക്രിയകളല്ല എന്നതാണ്. കേന്ദ്രസർക്കാർ പഴയ മണ്ഡല പുനർനിർണയ ബിൽ പിൻവലിച്ച് പകരം പുതിയ ബിൽ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. പുതിയ ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നൽകി. എങ്കിലും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൊണ്ട് മാത്രം ഇതൊരു നിയമമായി മാറില്ല. ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ പാസാകുകയും തുടർന്നുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്യേണ്ടതുണ്ട്. അതിനുശേഷമായിരിക്കും മണ്ഡല പുനർനിർണയ കമ്മിഷൻ രൂപീകരണം ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക.
ഈ ബില്ലുകൾ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. ലോകസഭയുടെ സമ്മേളനം നവംബർ 30നും രാജ്യസഭയുടെ സമ്മേളനം ഡിസംബർ 2നും ചേരുമെന്നാണ് വിവരം. എങ്ങനെയും ബിൽ പാസാക്കിയെടുക്കാനുള്ള സകല തന്ത്രങ്ങളും കേന്ദ്രസർക്കാർ സ്വീകരിക്കുന്നുണ്ട്; മുൻപ് ഒരിക്കൽ ഈ വിഷയത്തിൽ തിരിച്ചടിയുണ്ടായതിനാൽ അത്തരമൊരു വീഴ്ച ഇനി ആവർത്തിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 140ൽ നിന്ന് 210 ആയി ഉയരുകയാണെങ്കിൽ, അത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വലിയൊരു വഴിത്തിരിവായിരിക്കും. 70 പുതിയ മണ്ഡലങ്ങൾ രൂപീകരിക്കപ്പെടുന്നതോടെ ഓരോ രാഷ്ട്രീയ പാർട്ടിയുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സ്ഥാനാർഥി നിർണയത്തിലും വലിയ മാറ്റങ്ങളുണ്ടാകും. അതോടൊപ്പം വനിതകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം ലഭിക്കാനുള്ള സാഹചര്യവും ഒരുങ്ങും. ഓരോ പ്രദേശത്തെയും ജനസംഖ്യാ കണക്കുകളും സാമൂഹിക ഘടനയും പരിഗണിച്ച് പുതിയ മണ്ഡലങ്ങൾ രൂപീകരിക്കുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറിമറിയാൻ സാധ്യതയുണ്ട്.
അവിടെയാണ് പ്രശ്നങ്ങളുടേയും തുടക്കം. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളൊന്നും ഈ നീക്കത്തെ അംഗീകരിക്കുന്നില്ല. കോൺഗ്രസും സിപിഎം-സിപിഐ അടക്കമുള്ള ഇടത് പാർട്ടികളും DMK പോലുള്ള പ്രാദേശിക ശക്തികളെല്ലാം ഈ ബില്ലിനെ എതിർക്കുമ്പോൾ ചെറിയ ആശങ്കകളല്ല അവരെ അലട്ടുന്നതെന്ന് വ്യക്തമാകും. നമ്മൾ ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നുവെന്നും രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെടാൻ പോകുന്നുവെന്നുമാണ് ജോൺ ബ്രിട്ടാസ് എംപി കുറിച്ചത്. ഒറ്റനോട്ടത്തിൽ ഒരു പ്രശ്നവും തോന്നാത്ത, എന്നാൽ മോദിയുടെ ട്രോജൻ കുതിരയായ ഒരു ബിൽ. തമിഴ്നാട്ടിലും സമാനമായ രീതിയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ലോക്‌സഭയിൽ തമിഴ്‌നാടിന് നിലവിലുള്ള 7.18 ശതമാനം സീറ്റ് വിഹിതം ഒരു കാരണവശാലും കുറയ്ക്കാൻ പാടില്ലെന്നും പുനര്‍നിര്‍ണയ ശേഷം ഈ നടപടി 25 വര്‍ഷത്തേക്ക് മരവിപ്പിക്കണം എന്നുമാണ് DMKയുടെ ആവശ്യം.
ബില്ലിലെ ചതിക്കുഴി വളരെ സ്‌പഷ്‌ടമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായി 50 ശതമാനം സീറ്റുകൾ വർധിപ്പിക്കാമെന്നാണ് മോദിയുടെ ഉറപ്പ്. മുൻപ്, പാർലമെന്റിൽ കൊണ്ടുവന്ന ബില്ലിൽ ഈ വ്യവസ്ഥ ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം. നമ്മുടെ തെരഞ്ഞെടുപ്പ് രീതിശാസ്ത്രത്തിൽ ശതമാനത്തിനോ അനുപാതത്തിനോ വലിയ പ്രസക്തിയില്ല. ഭൂരിപക്ഷത്തിന്റെ കടമ്പ ആദ്യം ആരു കടക്കുമെന്നതാണ് പ്രധാനം. കേരളത്തിൽ 20 ലോക്‌സഭാ സീറ്റുകൾ 30 ആകുമ്പോൾ യുപിയിൽ 80 എന്നത് 120 ആകും.
ബില്ലിലെ ചതിക്കുഴി വളരെ സ്‌പഷ്‌ടമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായി 50 ശതമാനം സീറ്റുകൾ വർധിപ്പിക്കാമെന്നാണ് മോദിയുടെ ഉറപ്പ്. മുൻപ്, പാർലമെന്റിൽ കൊണ്ടുവന്ന ബില്ലിൽ ഈ വ്യവസ്ഥ ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം. നമ്മുടെ തെരഞ്ഞെടുപ്പ് രീതിശാസ്ത്രത്തിൽ ശതമാനത്തിനോ അനുപാതത്തിനോ വലിയ പ്രസക്തിയില്ല. ഭൂരിപക്ഷത്തിന്റെ കടമ്പ ആദ്യം ആരു കടക്കുമെന്നതാണ് പ്രധാനം. കേരളത്തിൽ സീറ്റുകൾ 30 ആകുമ്പോൾ യുപിയിൽ 80 എന്നത് 120 ആകും. സർക്കാർ രൂപീകരണഘട്ടത്തിൽ സംഖ്യയാണ് പ്രധാനം. അല്ലാതെ, അനുപാതമല്ല. ഇതാണ് ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ ഗതിയിൽ മോദി ഒരുക്കുന്ന ചതിക്കുഴി. ഹിന്ദുത്വരാഷ്‌ട്രീയത്തിന് വേരോട്ടമുള്ള നാലോ അഞ്ചോ സംസ്ഥാനങ്ങളെമാത്രം പരിപാലിച്ച് ഭൂരിപക്ഷരേഖ കടക്കുക എന്നതാണ് മോദിയുടെ വിദ്യ. ദക്ഷിണേന്ത്യക്കും മറ്റ് ചെറു സംസ്ഥാനങ്ങൾക്കും ഇന്നുള്ള പ്രാധാന്യം ഇനിയങ്ങോട്ട് പ്രതീക്ഷിക്കേണ്ട എന്നർത്ഥം.
പുതുതായി വരുന്ന എംപിമാർക്ക് വീട് നിർമിക്കാൻതന്നെ 5000 കോടി രൂപയോളം വേണ്ടിവരും എന്നത് മറ്റൊരു വെല്ലുവിളി. മോദി അധികാരത്തിലേറിയശേഷം കൊണ്ടുവന്ന നിയമനിർമാണങ്ങൾക്കെല്ലാം തനതായ സ്വഭാവമുണ്ടായിരുന്നു– എല്ലാം കേന്ദ്രത്തിലേക്ക് കൊണ്ടെത്തിക്കുക, അധികാരത്തുടർച്ചയ്ക്കുവേണ്ടിയുള്ള വ്യവസ്ഥകൾ നിയമനിർമാണങ്ങളിൽ സന്നിവേശിപ്പിക്കുക എന്നിങ്ങനെ. എന്തായാലും ഭാവിയിൽ കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ യാതൊരു പ്രസക്തിയും ഇല്ലാതാകുന്ന അവസ്ഥ വന്നേക്കും.


