ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. ഗുപ്തേശ്വർ മലനിരകളിൽ നിന്നാണ് പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിലാണ് കുന്നിൻപ്രദേശത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
സംഭവവുമായി ബന്ധപ്പെട്ട് ഭിന്ദ് സ്വദേശിയായ രാമു ഗുർജാർ, അരുൺ കുശ്വാഹ, ഗൗരവ് കുശ്വാഹ എന്നിവർ അറസ്റ്റിലായി. പ്രധാന പ്രതിയായ രാമു ഗുർജാർ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഗ്വാളിയോറിലേക്ക് കൊണ്ടുവന്നതായും തുടർന്ന് ഗുപ്തേശ്വർ ഹില്ലിലെ നവഗ്രഹ ക്ഷേത്രത്തിന് സമീപമുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് മൂവരും ചേർന്ന് പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
കുറ്റകൃത്യം പുറത്തറിയുമെന്ന ഭയത്താലാണ് പീഡനത്തിന് ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മേയ് 29-ന് മൃതദേഹവും തിരിച്ചറിയൽ രേഖകളും നശിപ്പിക്കുന്നതിനായി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂവെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മൃതദേഹാവശിഷ്ടങ്ങൾ ഗ്രാമത്തിലെത്തിച്ചതിനെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായി. ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതികൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.






