സംസ്ഥാനത്ത് ഇത്തവണ അധ്യയനവർഷം തുടങ്ങിയത് ഭരണമാറ്റത്തിന് തൊട്ടുപിന്നാലെയാണ്. ഭാവി പൗരന്മാരെ വാർത്തെടുക്കാനുള്ള സംവിധാനം എന്നതിലുപരി ഓരോ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായി മാറേണ്ടതാണ് സ്‌കൂൾ വിദ്യാഭ്യാസഘട്ടം. എന്നാൽ, യുഡിഫ് സർക്കാരിന്റെ കാലഘട്ടത്തിൽ, ഇപ്പോൾ പുതിയ ഒരു അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ ഒന്ന് പിറകിലോട്ട് തിരിഞ്ഞു നോക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.
വിദ്യാഭ്യാസ മേഖല അടിമുടി തകർന്നു പോയ 2011 മുതൽ 16 വരെയുള്ള അഞ്ചുവർഷകാലം. ഇടിഞ്ഞുവീഴാറായ സ്‌കൂൾകെട്ടിടങ്ങൾ, വൃത്തിയില്ലാത്ത ശുചിമുറി, പാഠപുസ്‌തകമില്ലാതെ കുട്ടികൾ, ഓണപ്പരീക്ഷ കഴിഞ്ഞാലും കിട്ടാത്ത പാഠപുസ്‌തകത്തിനായി അലയുന്ന കുട്ടികൾ, എലി ചത്തുവീണ കഞ്ഞി കുടിക്കേണ്ടിവന്ന വിദ്യാർഥികൾ, തസ്‌തിക നഷ്‌ടപ്പെട്ട അധ്യാപകർ, പരീക്ഷ നടത്താൻ വൈകിയതെന്താണെന്ന് ചോദിച്ചപ്പോൾ, ഓണം നേരത്തെ വന്നതുകൊണ്ടാണെന്ന് മറുപടി പറഞ്ഞ വിദ്യാഭ്യാസമന്ത്രി, അങ്ങനെ പോകുന്നു യുഡിഎഫ് ഭരണത്തിൽ മന്ത്രി അബ്‌ദുറബ്ബിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ആ ഇരുണ്ട കാലഘട്ടം.
ഉമ്മൻചാണ്ടി സർക്കാർ ആയിരത്തോളം സർക്കാർ സ്‌കൂളുകളാണ് അനാദായകരമെന്ന് മുദ്രകുത്തി പൂട്ടാൻ ശ്രമിച്ചത്. അന്ന് വിദ്യാർത്ഥികളെ സർക്കാർ സ്കൂളുകളിലേക്ക് അയക്കാൻ തന്നെ രക്ഷിതാക്കൾ മടിച്ചിരുന്നു. അഞ്ചുലക്ഷം വിദ്യാർത്ഥികളാണ് അന്ന് സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയത്. പാഠപുസ്‌തകം കിട്ടാതെ കുട്ടികൾ തെരുവുകളിലേക്ക് സമരത്തിനിറങ്ങേണ്ടിവന്ന അധ്യയനവർഷങ്ങൾ സൃഷ്ടിച്ചാണ് യുഡിഎഫ് സർക്കാർ പടിയിറങ്ങിയത്. ഓണപരീക്ഷ ആയിട്ടും പാഠപുസ്‌തകം കുട്ടികളുടെ കൈയിലെത്താത്തതിനെ തുടർന്ന്, അധ്യാപകർ പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു. 10 വർഷം മുൻപ് ഓണപ്പരീക്ഷതന്നെ മാറ്റിവച്ച അനുഭവമുണ്ടായിരുന്നു കേരളത്തിന്. 2015ൽ ഓണം കഴിഞ്ഞാണ് ഓണപ്പരീക്ഷ നടന്നത്. സെപ്‌തംബർ 9 മുതൽ 18വരെ. ഓണം നേരത്തെ വന്നതിനാലാണ് പരീക്ഷ വൈകിയത് എന്ന വിചിത്രവാദമായിരുന്നു മന്ത്രി അബ്ദു റബ്ബിന്. യുഡിഎഫ് ഭരണത്തിൽ 2013, 2014, 2015 വർഷങ്ങളിൽ പാഠപുസ്‌തക വിതരണം വൈകി.
2015ൽ എസ്എസ്എൽസി ഫലം മന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം വിദ്യാർഥികളും രക്ഷിതാക്കളും യാഥാർഥ ഫലമറിയാനുള്ള നെട്ടോട്ടം തുടങ്ങി. എപ്ലസ് പ്രതീക്ഷിച്ചവർ കൂട്ടത്തോടെ തോറ്റു. പല സ്‌കൂളുകളുടെയും ഫലം കാണാനേയില്ല. കണ്ണൂർ ആലക്കോട്ട് പരീക്ഷ എഴുതാത്ത വിദ്യാർഥിയെ ജയിപ്പിച്ചു. മണിക്കൂറുകൾക്കകം പൊതുവിദ്യാഭ്യാസവകുപ്പ് ഫലം മാറ്റി പുതിയത് പ്രഖ്യാപിച്ചു. ആദ്യം ജയിച്ചവരുടെ ഫലം രണ്ടാമത്തെ പട്ടികയില്ല. ഓരോ ജില്ലയിലും ആയിരക്കണക്കിനു കുട്ടികളുടെ ഫലം കണ്ടെത്താനായില്ല. ചരിത്രത്തിലാദ്യമായി മൂന്നുതവണ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച് മന്ത്രി അബ്ദുറബ്ബ് അപഹാസ്യനായി.
സ്‌കൂൾ കുട്ടികളുടെ സൗജന്യ യൂണിഫോമിലും അഴിമതിയുടെ മണമായിരുന്നു. വൻകിട തുണിക്കമ്പനികളെ മന്ത്രി ഓഫീസിലേക്ക് വരുത്തി കരാർ ഉറപ്പിച്ചു. ഫലമോ സ്‌കൂൾ തുറക്കുമ്പോൾ വിതരണംചെയ്യേണ്ടുന്ന യൂണിഫോം സ്കൂൾ പുട്ടാറായപ്പോൾ എത്തി. സ്കൂളുകളിൽ ആവശ്യത്തിന് ക്ലാസ് മുറികൾ ഒരുക്കാൻ അന്നത്തെ സർക്കാരിന് താൽപര്യമുണ്ടായിരുന്നില്ല. സ്‌കൂൾ അടുക്കളയിൽവരെ തിങ്ങിനിറഞ്ഞ് ക്ലാസ് നടത്തിയിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ സ്കൂൾ ബസ് വരെ ക്ലാസ് മുറികളായി ഉപയോഗിക്കേണ്ടതായി വന്നു.
എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ അടിസ്ഥാന സൗകര്യ വികസനത്തിലും അക്കാദമിക രംഗത്തും നടപ്പാക്കിയ പദ്ധതികളിലൂടെ പത്ത് ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തി. കടലാസ്സിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മുട്ടയും പാലും കുട്ടികൾക്ക് നൽകി തുടങ്ങി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുട്ടികൾക്ക് അവരുടെ ”മന്ത്രി അപ്പൂപ്പനുമായി”. ഇപ്പോഴിതാ, വിദ്യാഭ്യാസ വകുപ്പ് വീണ്ടും മുസ്ലിം ലീഗിന്റെ പരിധിയിൽ വരുമ്പോൾ പഴയ ഇരുണ്ടകാലം ആവർത്തിക്കപെടുമോ എന്ന ഭീതിയിലാണ് കേരളത്തിലെ ജനങ്ങൾ.സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും കുട്ടികളുടെ വ്യക്തിത്വവികാസത്തിന്റെയും കാര്യത്തിൽ സംസ്ഥാനം രാജ്യത്ത് ഒന്നാംസ്ഥാനത്തേക്ക് മുന്നേറിയ പത്തുവർഷമാണ് എൽഡിഎഫ് ഭരണം സൃഷ്‌ടിച്ചത്. ഇൗ മികവ് തുടരണമെന്ന് ആഗ്രഹിക്കുന്നവരിൽ ആശങ്ക പടർത്തുന്ന സംഭവഗതികളാണ് ഇപ്പോൾ ഉണ്ടാകുന്നത്.
കഴിഞ്ഞവർഷം സർക്കാർ സ്‌കൂൾ അധ്യാപകരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഒഴിവുകളിലെ നിയമനവുമെല്ലാം അവധിക്കാലം കഴിയുംമുന്പേ പൂർത്തിയാക്കിയിരുന്നു. ഇത്തവണ സ്‌കൂൾ തുറന്നിട്ടും സംസ്ഥാനത്തെ 352 സർക്കാർ സ്‌കൂളുകളിൽ പ്രധാനാധ്യാപകരില്ലെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. 1228 സർക്കാർ ഹൈസ്‌കൂളുകളിൽ 253 ഇടത്ത് പ്രധാനാധ്യാപകരും 830 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 99 ഇടത്ത് പ്രിൻസിപ്പലും ഇല്ലെന്നാണ് വിവരം.
പ്രവേശനോത്സവം മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നേതൃത്വത്തിൽ ആഘോഷപൂർവം നടത്തിയെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്യുന്നതിൽ സർക്കാർ താൽപ്പര്യം കാട്ടുന്നില്ലെന്ന് തെളിയുകയാണ്. മന്ത്രിസഭ അധികാരമേറ്റ് ആഴ്‌ചകൾ കഴിഞ്ഞിട്ടും വിദ്യാഭ്യാസമന്ത്രിയുടെ അടക്കം ഓഫീസുകളുടെ പ്രവർത്തനം നാമമാത്രമായ നിലയിലാണ്. അതേസമയം, പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന പ്രഖ്യാപനം അനവസരത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നടത്തിയിട്ടുണ്ട്.
അഞ്ചുലക്ഷം കുട്ടികളിൽനിന്ന് നേരിട്ട് അഭിപ്രായം ആരാഞ്ഞ്, ജെൻഡർ ഓഡിറ്റിങ്ങും നടത്തിയാണ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. മതനിരപേക്ഷ, ഭരണഘടനാ മൂല്യങ്ങളിൽ കേന്ദ്രീകരിച്ച് ശാസ്‌ത്രബോധം, ചരിത്രബോധം, ലിംഗസമത്വം എന്നിവയിൽ അധിഷ്‌ഠിതമായി പരിഷ്‌കരിച്ച പാഠ്യപദ്ധതിയാണ് നിലവിലുള്ളത്. ഇത്രയും കാലോചിതമായ പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം സംശയകരമാണ്. സ്‌കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിലും ആശങ്ക തുടരുകയാണ്. മുന്നേറികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയെ പിന്നോട്ട് പോകാൻ ഇനിയൊരു മലയാളിയും സമ്മതിക്കില്ല. പുതിയ വിദ്യഭ്യാസ മന്ത്രിയായ എൻ ഷംസുദ്ധീൻ ഇക്കാര്യങ്ങളിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ കേരളം ഇനിയും പിന്നോട്ട് നടക്കേണ്ടിവരും.






