കൊച്ചി: ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പെരുമ്പാവൂരിൽ നിന്ന് പൊലീസ് പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ രാഹുൽ (28) ആണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ഫെബ്രുവരിയിൽ ബംഗാളിലെ ഹൗറ ജില്ലയിലെ ഡോംജൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കേരളത്തിലെത്തിയാണ് താമസിച്ചിരുന്നത്. പെരുമ്പാവൂരിൽ ഹെൽപ്പർ ജോലി ചെയ്ത് ഇയാൾ ഒളിവ് ജീവിതം നയിക്കുകയായിരുന്നു.
പെരുമ്പാവൂർ ടൗണിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. നേരത്തെയും ഇയാൾ ഈ പ്രദേശത്ത് ജോലി ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. പിടിയിലായ പ്രതിയെ തുടർനടപടികൾക്കായി ഹൗറ ഡോംജൂർ പൊലീസിന് കൈമാറി.






