ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന് പിന്തുണ അറിയിച്ച് മുതിർന്ന ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. പാർട്ടി അദ്ദേഹത്തിനൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്നതിനായാണ് നേതാക്കൾ സന്ദർശനം നടത്തിയത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ പ്രമുഖ നേതാക്കളും ധർമേന്ദ്ര പ്രധാനെ സന്ദർശിച്ചു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളിലും ധർമേന്ദ്ര പ്രധാൻ വലിയ പങ്കുവഹിച്ചെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ താൽപ്പര്യങ്ങൾക്കാണ് ബിജെപിയും കേന്ദ്ര സർക്കാരും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ധർമേന്ദ്ര പ്രധാൻ വ്യക്തിശുദ്ധിയും പാർട്ടി നയങ്ങളോടുള്ള പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച നേതാവാണെന്ന് നിതിൻ നവീൻ പറഞ്ഞു. പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ തീരുമാനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി.




