പാലക്കാട്: പാലക്കാട് 24 കാരനെ യുവാവ് കുത്തിക്കൊന്നു.കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്.
കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നെൽസൺ, ജെൻസൺ എന്നിവർ ചേർന്നാണ് ഷെഫീഖിനെ ആക്രമിച്ചത്.
നെൽസൺ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിലെത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെയാണ് ഷെഫീഖിന് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനും ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.




