കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി കാമ്പസിലും പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അക്കമ്പനിയിംഗ് ആർട്ടിസ്റ്റുകളുടെയും ഒഴിവുകളുണ്ട്. താൽക്കാലിക നിയമനമായിരിക്കും. പരമാവധി 11 മാസത്തേക്കായിരിക്കും നിയമനം.
ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായ, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉർദു, സൈക്കളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, തീയറ്റർ, ട്രാൻസലേഷൻ സ്റ്റഡിസ്, കംപാരറ്റീവ് ലിറ്ററേച്ചർ, ആയുർവേദ, മ്യൂസിയോളജി, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. വയലിൻ, മൃദംഗം, വോക്കൽ എന്നിവയിൽ അക്കമ്പനിയിങ് ആർട്ടിസ്റ്റുകളുടെയും ഒഴിവുണ്ട്. 70 വയസ് എന്ന പരമാവധി പ്രായപരിധിക്ക് വിധേയമായി വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാവുന്നതാണ്.
2018 യുജിസി റഗുലേഷൻ പ്രകാരം യോഗ്യതയുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷങ്ങളിൽ നിലവിൽ സാധുവായ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പ്രസ്തുത വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതും അനുബന്ധ രേഖകൾ ഹാജരാക്കേണ്ടതുമാണ്. ഇവരെ സ്ക്രീനിംഗ് കട്ട് ഓഫിൽ നിന്നും ഒഴിവാക്കുന്നതാണ്. യുജിസി നിഷ്ക്കർഷിച്ചിട്ടുള്ള അക്കാദമിക് റെക്കോർഡ്, റിസർച്ച് പെർഫോർമൻസ്, അധ്യാപന പരിചയം എന്നിവ ഉൾപ്പെടെ സ്ക്രീനിംഗ് മാനദണ്ഡങ്ങളിൽ 50 ശതമാനത്തിൽ കുറയാതെ സ്കോർ നേടുന്ന അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കുകയുള്ളൂ.
യുജിസി യോഗ്യതയുള്ളവർക്ക് പ്രതിമാസ വേതനം 40,000 രൂപയും, യുജിസി യോഗ്യതയില്ലാത്തവർക്ക് 30,000 രൂപയുമായിരിക്കും. പെർഫോമിംഗ് ഡിപ്പാർട്ട്മെന്റുകളിൽ നിയമിക്കപ്പെടുന്ന അക്കമ്പനിയിംഗ് ആർടിടിസ്റ്റുകളുടെ ഹോണറേറിയം 25,000 രൂപയായിരിക്കും. അപേക്ഷാഫീസ് 200 രൂപ. എസ്സി/എസ്ടി വിഭാഗങ്ങൾക്ക് അപേക്ഷാഫീസില്ല. സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിലേയ്ക്ക് അപേക്ഷാഫീസ് ഓൺലൈനായി അയയ്ക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ ഒൻപത്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in. സന്ദർശിക്കുക.






