കോഴിക്കോട്: കോഴിക്കോട് അമ്മത്തൊട്ടിലിൽ വീണ്ടും ഒരു കുരുന്നെത്തി. കഴിഞ്ഞ ഓഗസ്റ്റിൽ നവീകരണത്തിന് ശേഷം ഇവിടെ എത്തുന്ന പത്താമത്തെ ശിശുവായ ആൺകുഞ്ഞിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഹരിതാംശ്’ എന്ന് പേരിട്ടു. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.50ഓടെയാണ് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞെത്തിയതോടെ തൊട്ടിലിനോട് ചേർന്ന നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ ഉടൻ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു.
2.630 കിലോഗ്രാം ഭാരമുള്ള ഈ ശിശു, ഈ വർഷം കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന പത്താമത്തെ കുഞ്ഞും ഏഴാമത്തെ ആൺകുഞ്ഞുമാണ്. ബീച്ച് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതിയാണ് കുഞ്ഞിന് ‘ഹരിതാംശ്’ എന്ന പേര് നൽകിയത്. നിലവിൽ കുഞ്ഞ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സയിൽ തുടരുകയാണ്.






