നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ചതായി വെളിപ്പെടുത്തിയ നടി ശിൽപ്പാ ഷിൻഡെയെതിരെ നടപടി ആവശ്യപ്പെട്ട് പുരുഷാവകാശ സംഘടന രംഗത്ത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻസിഎം ഇന്ത്യ കൗൺസിൽ ഫോർ മെൻ അഫയേഴ്‌സ് എന്ന എൻജിഒയാണ് മുംബൈ പൊലീസിനോട് ശിൽപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും വ്യാപക വിമർശനമാണ് ഉയരുന്നത്. നിരവധി പേർ ശിൽപ്പയുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരിച്ച് നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയനായിരുന്ന നിർമാതാവ് മാനനഷ്ടക്കേസ് ഫയൽ ചെയ്യണമെന്ന ആവശ്യവും ചിലർ മുന്നോട്ടുവച്ചു.
കഴിഞ്ഞ ദിവസമാണ് ഒരു പോഡ്കാസ്റ്റിൽ ശിൽപ്പാ ഷിൻഡെ, ‘ഭാഭിജി ഘർ പർ ഹേ’ എന്ന ടെലിവിഷൻ പരമ്പരയുടെ നിർമാതാവ് സഞ്ജയ് കോലിക്കെതിരെ മുമ്പ് ഉന്നയിച്ച ലൈംഗികാരോപണം തെറ്റായിരുന്നുവെന്ന് സമ്മതിച്ചത്. ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
അഭിനയിച്ചതിനുള്ള പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് താൻ പൊലീസിനെ സമീപിച്ചിരുന്നുവെന്നും, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഗുരുതരമായ ആരോപണം ഉന്നയിക്കണമെന്ന് പൊലീസ് നിർദേശിച്ചുവെന്നുമാണ് ശിൽപ്പയുടെ വിശദീകരണം. അതിനാലാണ് അത്തരം ആരോപണം ഉന്നയിച്ചതെന്നും താൻ ചെയ്ത കാര്യത്തെക്കുറിച്ച് അന്ന് സുഹൃത്തുക്കൾ പോലും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അവർ പോഡ്കാസ്റ്റിൽ പറഞ്ഞു.






