ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ദേവോസ്മിത പോളിനെ കിഴക്കൻ ഡൽഹിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിരുന്നു അവർ താമസിച്ചിരുന്നത്. ഭർത്താവ് ബെംഗളൂരുവിലാണുള്ളത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.35ഓടെയാണ് സംഭവം പുറത്തറിയുന്നത്. ദേവോസ്മിതയെ കാണാനെത്തിയ സഹോദരി ദേവരതി പോൾ ഫ്ലാറ്റിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് സംശയപ്പെട്ടു. രാവിലെ മുതൽ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും ദേവോസ്മിത ഫോൺ കോളുകൾ സ്വീകരിച്ചിരുന്നില്ലെന്നും പറയുന്നു.
തുടർന്ന് പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ച ദേവരതി, സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തുകയും ഉടൻ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ദേവോസ്മിതയുടെ തലയ്ക്ക് ഭാരമേറിയ വസ്തു ഉപയോഗിച്ച് ആക്രമണമേറ്റതായി പൊലീസ് കണ്ടെത്തി. തലയിൽ ആഴത്തിലുള്ള മുറിവും കൈയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, വീട്ടിലെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കവർച്ച ലക്ഷ്യമിട്ടുള്ള കുറ്റകൃത്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണവും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.






