കീവ്: യുക്രൈൻ–റഷ്യ യുദ്ധം തുടരുന്നതിനിടെ, യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനോട് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്കി തുറന്ന കത്ത് അയച്ചു. ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങളും ആക്രമണം വീണ്ടും ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ കത്ത് പുറത്തുവന്നത്. പുടിൻ സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ സംസാരിക്കുന്നതിനിടെയാണ് സെലൻസ്കി കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
യുദ്ധം അവസാനിപ്പിക്കാൻ പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്കി കത്തിൽ വ്യക്തമാക്കി. മൂന്നാമതൊരു രാജ്യത്ത് കൂടിക്കാഴ്ച നടത്താമെന്നും, ചർച്ച നടക്കുന്ന സമയത്ത് പൂർണ്ണ വെടിനിർത്തൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മോസ്കോയിലേക്ക് വരാമെങ്കിൽ പുടിനുമായി കൂടിക്കാഴ്ച നടത്താമെന്ന് റഷ്യ പ്രതികരിച്ചു. എന്നാൽ മോസ്കോയിലേക്ക് പോകാൻ കഴിയില്ലെന്ന് സെലൻസ്കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ സഹായകരമായേക്കാമെന്ന് പുടിൻ പറഞ്ഞു. എന്നാൽ ഇരുവശത്തും വിട്ടുവീഴ്ചകൾ ഉണ്ടായാലേ സമാധാന കരാർ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം റഷ്യയ്ക്ക് ദീർഘകാല ദോഷം ഉണ്ടാക്കുന്നുവെന്നും, റഷ്യൻ ജനത ഇത് മനസ്സിലാക്കുന്നില്ലെന്നും സെലൻസ്കി കത്തിൽ ആരോപിച്ചു. ഡൊനെറ്റ്‌സ്‌ക് അടക്കമുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.






