ന്യൂഡൽഹി: ഇന്ത്യയിൽ 85 ശതമാനം എഥനോൾ ചേർന്ന ഇന്ധനം (E85) ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കുകയാണ്. ഇത് ലഭ്യമാക്കുകയും വ്യാപകമാക്കുകയും ചെയ്യുന്നതിന് ചട്ടങ്ങളും നയങ്ങളും രൂപീകരിച്ചിരിക്കുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.
E85 ഇന്ധനത്തിൽ 85% എഥനോൾ, 15% പെട്രോളാണ് ചേർക്കുക. ഇത് ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാനാകൂ. പെട്രോളിനെക്കാൾ വില കുറഞ്ഞ ഇന്ധനമായി ഇത് ലഭ്യമാക്കുമെന്നു മന്ത്രി ഉറപ്പുനൽകി.
പദ്ധതിയുടെ തുടക്ക ഘട്ടത്തിൽ ഡൽഹി- എൻ.സി.ആർ., മുംബൈ, പുണെ, നാസിക് മേഖലകളിൽ ഇന്ധനം കൊണ്ടുവരികയും ഡിസംബറോടെ 500 പമ്പുകൾ സജ്ജമാക്കുകയും ചെയ്യും. 2027 അവസാനത്തോടെ ഇത് 5,000 പമ്പുകളായി വ്യാപകമാക്കും.
ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങളുടെ വ്യാപനം വർധിപ്പിച്ച്, പെട്രോളിയം ഇറക്കുമതി കുറയ്ക്കുന്നതാണ് സർക്കാർ ലക്ഷ്യം. രാജ്യത്ത് 50% ഇരുചക്ര-നാലുചക്ര വാഹനങ്ങൾ E85 ഇന്ധനത്തിലേക്ക് മാറിയാൽ, എഥനോളിന്റെ ആവശ്യം 311.8 കോടി ലിറ്റർ ഉയരും. ഇത് കർഷകർക്കായി 12,403 കോടി രൂപയുടെ അധിക വരുമാനം സൃഷ്ടിക്കും. കാർബൺ ബഹിർഗമനത്തിൽ 66.4 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.






