പണ്ട് പ്രായമായവരിൽ കണ്ടിരുന്ന പല രോഗങ്ങളും ഇക്കാലത്ത് ചെറുപ്പക്കാരിലിൽ വർധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. എന്താണിതിന് കാരണമെന്ന ചോദ്യം എത്തിനിൽക്കുന്നത് പതിവ് പോലെ ആ മഹാമാരിയിലേക്ക് തന്നെ- കോവിഡ് 19. വിവിധ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കുകയും ആളുകളുടെ ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിക്കുകയും ചെയ്ത കോവിഡ്, ഭേദമായാലും തുടർ പ്രശ്നങ്ങൾ പലതുമുണ്ടാകുമെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കൊവിഡ് ചെറുപ്പക്കാർക്ക് കൊടുത്തിരിക്കുന്ന എട്ടിന്റെ പണിയാണ് റിപ്പോൿട്ട് ചെയ്യുന്നത്.
കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്കിടയിൽ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ (Hip replacement surgeries) ഏകദേശം 40 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്. കോവിഡ് ചികിത്സകൾക്കായി ഉപയോഗിച്ച സ്റ്റിറോയ്ഡുകളുടെ പ്രത്യാഘാതം എല്ലുകളുടെ ബലം ക്ഷയിപ്പിക്കുന്ന അവാസ്ക്യുലാർ നെക്രോസിസ് എന്ന അവസ്ഥയുണ്ടാക്കുന്നതാണ് ഇതിന് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൊവിഡ് ഭേദമായ യുവാക്കളിലും മധ്യവയസ്കരിലും കടുത്ത ഹിപ് ആർത്രൈറ്റിസും (ഇടുപ്പിലെ വാതം) സന്ധിവാതവും കൂടുതലായി കണ്ടുവരുന്നതായും സ്ഥിരീകരിക്കുന്നു.
കോവിഡ് ഭേദമായി മാസങ്ങൾക്ക് ശേഷം കടുത്ത ഇടുപ്പ് വേദന, മുടന്ത്, സന്ധികൾ വലിയുന്ന അവസ്ഥ (Stiffness), നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുമായി എത്തുന്ന യുവരോഗികളുടെ എണ്ണം ഇന്ത്യയിലുടനീളമുള്ള ആശുപത്രികളിൽ ഇപ്പോൾ വർദ്ധിച്ചുവരികയാണെന്ന് വിദഗ്ധർ വ്യക്തമാക്കി. തുടയെല്ലിന്റെ മുകൾഭാഗത്തുള്ള പന്ത് പോലെയുള്ള ‘ഫെമറൽ ഹെഡ്’ (femoral head) എന്ന ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയും ഇത് അസ്ഥി തകരുന്നതിന് കാരണമാകുകയും ചെയ്യുന്നതിനാലാണ് രോഗികൾക്ക് ടോട്ടൽ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ (ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ) ആവശ്യമായി വരുന്നത്.
മുൻകാലങ്ങളിൽ എവിഎൻ (AVN) പ്രധാനമായും പ്രായമായവരിലോ അല്ലെങ്കിൽ അപകടങ്ങളിൽ പരിക്കേൽക്കുന്നവരിലോ മാത്രമാണ് കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ അത് യുവാക്കളെയും കൂടുതലായി ബാധിക്കുകയാണ്. ഇത്തരം ലക്ഷണങ്ങൾ തോന്നിയാൽ വേഗത്തിൽ ചികിത്സിക്കുക എന്നതാണ് പരിഹാരം.






