തിരുവനന്തപുരം: ഇഡി റെയ്ഡിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. സമരം ഏതെങ്കിലും വ്യക്തിയെ സംരക്ഷിക്കാനല്ലെന്നും, എൽഡിഎഫ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നടപടികൾക്കെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന്റെ വീട് മണിക്കൂറുകളോളം ഇഡി ഉപരോധിച്ച സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിഎംആർഎല്ലും എക്സാലോജിക്കും രണ്ട് വ്യത്യസ്ത കമ്പനികളാണെന്നും, അവ തമ്മിലുള്ള ബിസിനസ് കരാറുകളെയോ ധാരണകളെയോ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ വിഷയം എൽഡിഎഫും പിണറായി വിജയനുമാണെന്നും, അദ്ദേഹത്തിന്റെ വീട്ടിനെ കേന്ദ്രീകരിച്ച് മോശം പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, ഏതെങ്കിലും കമ്പനികളുടെ ബിസിനസ് ഇടപാടുകളിൽ താൽപര്യമുണ്ടെന്ന അർത്ഥം ഇതിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യം അന്വേഷണത്തിന് തടസമല്ലെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണം നടത്താൻ അടിസ്ഥാന കുറ്റകൃത്യമില്ലെന്നാണ് അപ്പീലിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ വാദിച്ചിരുന്നത്. എസ്എഫ്ഐഒയുടെ കുറ്റപത്രത്തെ അടിസ്ഥാനമാക്കി ഇഡി രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) നിയമപരമല്ലെന്ന വാദവും അവർ ഉയർത്തിയിരുന്നു.
എന്നാൽ, ഇഡിക്ക് അന്വേഷണം നടത്താൻ പ്രത്യേക അടിസ്ഥാന കുറ്റകൃത്യം നിർബന്ധമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സ്വത്തുക്കൾ മരവിപ്പിക്കാനോ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സമൻസ് നൽകാനോ ഇസിഐആർ ആവശ്യമില്ലെന്നും, അത് നിയമപരമായ രേഖയല്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.






