കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
വിവാഹിതനായ വിവരം ആനന്ദ് മധുസൂദനൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു. ശ്രീജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അദ്ദേഹം സന്തോഷവാർത്ത പങ്കുവെക്കുകയായിരുന്നു.
“ഇന്ന് ഞങ്ങൾ ഒരുമിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ഏറ്റവും അനുയോജ്യയായ വ്യക്തിയോടൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയാണ്. ഞങ്ങളുടെ വിവാഹവാർത്തയായി ഇതിനെ കാണണമെന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും അഭ്യർഥിക്കുന്നു,” എന്നാണ് ആനന്ദ് കുറിച്ചത്.
പൊടിമീശ മുളയ്ക്കണ കാലം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ വ്യക്തിയാണ് ആനന്ദ് മധുസൂദനൻ. അടുത്തിടെ വിശേഷം എന്ന ചിത്രത്തിലൂടെ നായകനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാനരചന, സംഗീതം എന്നിവയും ആനന്ദ് തന്നെയാണ് നിർവഹിച്ചത്.






