മൈസൂരു: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. കർണാടകയിലെ മണ്ഡ്യയിൽ സ്വകാര്യ നഴ്സിംഗ് കോളജിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു.
ഇന്നലെ രാവിലെ സർവീസ് റോഡിൽ ഇന്തുവാലുവിൽ വെച്ചാണ് അപകടം നടന്നത്. അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (MIMS) മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
മാതാവ്: ലിൻസി സൂസൻ അനു. സഹോദരൻ: അലൻ അനു. സൗദി അറേബ്യയിൽ ഉള്ള മാതാപിതാക്കൾ എത്തിച്ചേരുന്നതിനുശേഷം സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും ഉണ്ടായ തുടർനടപടികൾ സുവർണ കർണാടക കേരള സമാജം ഭാരവാഹികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.






