ചെന്നൈ: തമിഴ്നാട്ടിൽ അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, ഔദ്യോഗിക മദ്യവിൽപ്പന സ്ഥാപനമായ ടാസ്മാക് വഴിയുള്ള അനധികൃത പിരിവുകൾ തടയാൻ മുഖ്യമന്ത്രി ജോസഫ് വിജയ് കർശന നിർദ്ദേശം നൽകി.
ടാസ്മാക് വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ഓരോ രൂപയും സംസ്ഥാന ഖജനാവിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശിച്ചു. പാർട്ടി ഫണ്ടിന്റെ പേരിൽ അനൗദ്യോഗികമായി വലിയ തുകകൾ കൈമാറ്റം ചെയ്യപ്പെടുന്നതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
പ്രതിമാസം 102 കോടിയിലേറെ രൂപ ഇത്തരത്തിൽ മാറ്റപ്പെടുന്നതായും, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 1600 കോടിയോളം രൂപ സംസ്ഥാന ഖജനാവിൽ നിന്ന് വകമാറ്റിയിരിക്കാമെന്നും സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു കേയ്സ് മദ്യത്തിന് 90 രൂപ, ബിയറിന് 40 രൂപ, വൈനിന് 20 രൂപ എന്നിങ്ങനെയായിരുന്നു ഈ പിരിവുകൾ നടന്നിരുന്നതെന്നും ആരോപണങ്ങളുണ്ട്.
സംസ്ഥാനത്തുടനീളം 4048 ടാസ്മാക് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഇവയുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാൻ സർക്കാർ വിപുലമായ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അടുത്തിടെ അധികാരത്തിലെത്തിയ ടിവികെ സർക്കാർ 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടിയിരുന്നു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന കടകളാണ് അടച്ചത്. ഇതിലൂടെ മദ്യവരുമാനത്തിൽ പ്രതിവർഷം ഏകദേശം 8000 കോടി രൂപയുടെ കുറവ് സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു.






