മെക്‌സിക്കോ സിറ്റി: ലോകകപ്പ് ഫുട്‌ബോൾ സന്നാഹ മത്സരങ്ങളിൽ ബ്രസീലിനും അർജന്റീനയ്ക്കു വിജയം. ഹോണ്ടുറാസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന ജയിച്ചത്. ഈജിപ്തിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീലും ജയച്ചു. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസിയും ബ്രസീലിനായി നെയ്മറും കളത്തിലിറങ്ങിയില്ല.
ടെക്സസിൽ നടന്ന മത്സരത്തിൽ ഹോണ്ടുറാസിനെതിരെ അർജന്റീനയുടെ സമ്പൂർണ ആധിപത്യമായിരുന്നു. 37-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടിനസ് ടീമിന് ലീഡ് നൽകി. 54-ാം മിനിറ്റിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. മാർട്ടീനസിന്റെ ബാക്ക്‌ഹീൽ പാസ് സ്വീകരിച്ച് ഗ്വിലിയാനോ സിമിയോണി ഹോണ്ടുറാസ് ഗോൾകീപ്പർ എഡ്‌റിക് മെൻജിവറെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ സന്നാഹ മത്സരത്തിൽ പാനമയെ ഗോളിൽ മുക്കിയ ബ്രസീൽ ഈജിപ്തിനെതിരെയും തുടക്കം മുതലെ ആക്രമിച്ചാണ് കളിച്ചത്. ആറാം മിനിറ്റിൽ ബ്രൂണോ ഗുമിറസിലൂടെ ബ്രസീൽ മുന്നിലെത്തി. പത്തം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ ഈജിപ്ത് സമനില നേടി. 51-ാം മിനിറ്റിൽ എൻഡ്രിക് ബ്രസീലിനായി വിജയ ഗോൾ നേടി.






