തിരുവനന്തപുരം: നവകേരള സദസ്സിനിടെ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ലാത്തിച്ചാർജ് കേസിൽ മുൻ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരെ അന്വേഷണം. കേസ് ഡയറിയിലും അന്വേഷണ രേഖകളിലും തിരുത്തലുകൾ വരുത്താൻ നിർദേശം നൽകിയതും കേസ് ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും അജിത് കുമാറാണെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഗ്രേഡ് എസ്.ഐ.മാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മൊഴി നൽകിയതായി റിപ്പോർട്ടുകൾ.
എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടായത്. ആദ്യഘട്ടത്തിൽ പ്രതിരോധ നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടികൾ നടത്തിയതെന്ന് എസ്.ഐ.മാർ സമ്മതിച്ചതായാണ് വിവരം. കേസ് ഇല്ലാതാക്കുന്നതിനും അന്വേഷണത്തിന്റെ ദിശ മാറ്റുന്നതിനുമായി രേഖകളിൽ തിരുത്തലുകൾ വരുത്തിയതായും അവർ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട മറ്റൊരു നിർണായക കണ്ടെത്തലും എസ്.ഐ.ടി. കോടതിയെ അറിയിച്ചു. ആദ്യമായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കിയ റഫർ റിപ്പോർട്ട് അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി.യുടെ ഓഫീസിൽ വെച്ചാണ് തയ്യാറാക്കിയതെന്ന് എസ്.ഐ.ടി. ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ റിപ്പോർട്ടിൽ അജിത് കുമാറിന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ ഉദ്യോഗസ്ഥർ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കുറ്റം ചുമത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും എസ്.ഐ.ടി. വിശദീകരണം നൽകി. പരിക്കേറ്റ എ.ഡി. തോമസിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതായും സി.ടി. സ്കാനും മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലും ആക്രമണം മരണത്തിലേക്ക് വരെ നയിക്കാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ മറ്റൊരു വിവാദവും എസ്.ഐ.ടി. ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ റഫർ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും, ഫോട്ടോഗ്രാഫർ സ്ഥലത്തെത്തുമ്പോഴേക്കും സംഘർഷം അവസാനിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതിനാൽ സംഭവശേഷമുള്ള ദൃശ്യങ്ങൾ മാത്രമാണ് പകർത്തപ്പെട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികളെ രക്ഷപ്പെടുത്തുന്നതിനായിരുന്നോ തെറ്റായ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്നതടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ അന്വേഷിച്ചുവരികയാണ്.
ഇതിനിടെ, കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് എസ്.ഐ.ടി. റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങളിൽ വന്നതിനെതിരെ ജില്ലാ സെഷൻസ് കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതിയിൽ പരിഗണനയ്ക്കെത്തുന്നതിന് മുമ്പ് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. കോടതിയെക്കാൾ മുമ്പ് മാധ്യമങ്ങളെ അറിയിക്കുന്ന പ്രവണത നീതിന്യായ സംവിധാനത്തിന് അനുയോജ്യമല്ലെന്നും കോടതി വിമർശിച്ചു.
എസ്.ഐ.ടി.യുടെ തുടർ അന്വേഷണവും സർക്കാരിന്റെ നിലപാടും അനുസരിച്ചാകും എം.ആർ. അജിത് കുമാറിനെതിരായ തുടർ നടപടികൾ സംബന്ധിച്ച തീരുമാനം ഉണ്ടാകുക.






