തൃശ്ശൂർ: മാള അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗബാധ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് അണ്ണല്ലൂർ പഞ്ചായത്തിലെ ജൂബിലി നഗർ പ്രദേശത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന നിരവധി പേരെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയും റേബീസ് പ്രതിരോധ കുത്തിവയ്പ്പും നൽകി.
തുടർന്ന് പിടികൂടിയ നായയെ മാള ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. പിന്നീട് നായ ചത്തതിനെ തുടർന്ന് പോസ്റ്റ്മോർട്ടത്തിനും പരിശോധനയ്ക്കുമായി മണ്ണുത്തിയിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലേക്ക് സാമ്പിളുകൾ അയച്ചു.
പരിശോധനയിൽ നായ അത്യന്തം ക്ഷീണിതാവസ്ഥയിലായിരുന്നുവെന്നും ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവുകളും ത്വക്ക് രോഗലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്നും കണ്ടെത്തി. ശ്വാസകോശം, കരൾ, സ്പ്ലീൻ എന്നിവയിലും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡയറക്ട് ഫ്ലൂറസെന്റ് ആന്റിബോഡി ടെസ്റ്റിൽ റേബീസ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പരിശോധനാ ഫലം പോസിറ്റീവ് ആയി. ഇതോടെ നായയുടെ ആക്രമണത്തിനിരയായവർ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും തുടർച്ചയായി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം വർധിക്കുന്നതിനെ തുടർന്ന് നാട്ടുകാരിൽ ആശങ്ക ശക്തമായിരിക്കുകയാണ്.





