തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്ന് മെൻസ് അസോസിയേഷൻ നേതാവ് രാഹുൽ ഈശ്വർ. സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെയാണ് പുരുഷൻമാർക്കും ആനുകൂല്യം വേണമെന്ന ആവശ്യവുമായി രാഹുൽ ഈശ്വർ രംഗത്തുവരുന്നത്.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ആനുകൂല്യം നൽകരുതെന്ന സമീപനമില്ല. പുരുഷന്കൂടി ഏതെങ്കിലും രീതിയിൽ ആനൂകൂല്യങ്ങളും സൗജന്യങ്ങളും നൽകണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പുരുഷന് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന കാര്യത്തിൽ പ്രതിഷേധവും വിഷമവും ഉണ്ട്. സ്ത്രീകൾക്ക് ആനുകൂല്യം നൽകിയാൽ ബസ് തടയൽ അടക്കമുള്ള തീവ്രമായ നടപടികൾ ശരിയല്ല. അതൊക്കെ നിയമത്തോടും കെഎസ്ആർടിസിയോടും ഉള്ള അവഹേളനമാണ്. ബസ് തടയലിന് മെൻസ്‌കമ്മീഷന്റെ അടക്കം ആരുടെയും പിന്തുണയില്ല. തീവ്രനിലപാടുകളിലേക്ക് ആരും പോകരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നും മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്കുമാർ ഫെസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞിരുന്നു.





