കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ കാണാതായ കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസറായ ടി.ടി. വിനോദനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നടപടി വൈകുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അറസ്റ്റ്.
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ നടന്ന ഓഡിറ്റിംഗിലാണ് എട്ടുമാസം മുമ്പ് 20 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്. തുടർന്ന് മുൻ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ടി.ടി. വിനോദനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ കേസെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനോ നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനോ കഴിഞ്ഞിരുന്നില്ല. പ്രതി ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ കണ്ടെത്തുകയും ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് സമരങ്ങൾ താത്കാലികമായി നിർത്തിവെച്ചിരുന്നു.
ബാലുശ്ശേരി കോട്ട ക്ഷേത്രത്തിന് പുറമെ മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽ നിന്നും സമാനമായി സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടെത്തിയിരുന്നെങ്കിലും അവിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നില്ല. സമരസമിതികളുടെ സമ്മർദത്തെ തുടർന്നാണ് ബാലുശ്ശേരിയിലെ എക്സിക്യൂട്ടീവ് ഓഫീസർ പൊലീസിൽ പരാതി നൽകിയത്.
ഇതിനിടെ നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് സ്റ്റേഷനിലോ ദേവസ്വം ബോർഡിന്റെ കോഴിക്കോട് ഓഫീസിലോ സ്വർണം തിരിച്ചേൽപ്പിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ശ്രമമെന്നാണ് ആരോപണം. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.




